
മുംബയ്: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബാന്ദ്ര വെസ്റ്റ് മണ്ഡലത്തിൽ അധോലോക കുറ്റവാളി
ലോറൻസ് ബിഷ്‌ണോയിയെ സ്ഥാനാർത്ഥിയാക്കി നാമനിർദ്ദേശ പത്രിക നൽകാൻ ഉത്തർ ഭാരതീയ വികാസ് സേന. റിട്ടേണിംഗ് ഓഫീസറുടെ പക്കൽനിന്ന് ഫോം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. പാർട്ടി നേതാവായ സുനിൽ ശുക്ലയാണ് ലോറൻസ് ബിഷ്‌ണോയിക്കായി പത്രിക സമർപ്പിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
ഉത്തർ ഭാരതീയ വികാസ് സേന ലോറൻസ് ബിഷ്‌ണോയിയുടെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചെങ്കിലും നാമനിർദ്ദേശ പത്രികയിൽ അദ്ദേഹത്തിന്റെ ഒപ്പ് ലഭിക്കുന്ന കാര്യം ഉൾപ്പെടെ സംശയമാണ്.
ലോറൻസ് ബിഷ്‌ണോയ് സ്ഥാനാർഥിത്വം അംഗീകരിച്ചാലുടൻ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ഉത്തർ ഭാരതീയ വികാസ് സേനയിൽ നിന്ന് മത്സരിക്കുന്ന 50 സ്ഥാനാർഥികളുടെ പട്ടിക പാർട്ടി പുറത്തുവിടുമെന്നാണ് ശുക്ല അറിയിച്ചിരിക്കുന്നത്.
അഭിമുഖ വിവാദം:
പൊലീസുകാർക്ക് സസ്‌പെൻഷൻ
ലോറൻസ് ബിഷ്‌ണോയി ജയിലായിരിക്കെ സ്വകാര്യ ചാനലിൽ അഭിമുഖം പ്രക്ഷേപണം ചെയ്ത സംഭവത്തിൽ പൊലീസുകാർക്ക് സസ്‌പെൻഷൻ. ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥർ ഉൾപ്പെടെ പഞ്ചാബ് പൊലീസിലെ ഏഴ് പേരെയാണ് സംസ്ഥാന സർക്കാർ സസ്‌പെൻഡ് ചെയ്തത്. 2022ലാണ് ലോറൻസ് ബിഷ്‌ണോയിയുടെ അഭിമുഖം ചാനലിൽ വന്നത്. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഗുരുതരമായ അനാസ്ഥയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ നടപടി. ക്രൈം ഇൻവസ്റ്റിഗേറ്റിംഗ് ഏജൻസിയുടെ കസ്റ്റഡിയിലിരിക്കെയാണ് ലോറൻസ് ബിഷ്‌ണോയിയുടെ അഭിമുഖം പുറത്തുവന്നത്. പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം സ്‌പെഷ്യൽ ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പൊലീസുകാർക്കെതിരെ നടപടി ശുപാർശ ചെയ്തത്. നിലവിൽ അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിലാണ് ലോറൻസ് ബിഷ്‌ണോയി ഉള്ളത്.