
തിരുവനന്തപുരം: പി. ജയരാജന്റെ ' കേരളം മുസ്ലിം രാഷ്ട്രീയം, രാഷിട്രീയ ഇസ്ലാം ' എന്ന പുസ്തകത്തിലെ എല്ലാ നിലപാടുകളും പാർട്ടി നിലപാടുകളല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയരാജന്റെ വ്യക്തമായ വിലയിരുത്തൽ പുസ്തകത്തിൽ ഉണ്ടെന്നും അതിനെ അങ്ങനെത്തന്നെ ആയി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടതുപക്ഷം ശക്തിപ്പെട്ടാലേ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയുള്ളൂവെന്നും രാഷ്ട്രീയം മതനിരപേക്ഷമാവുകയുള്ളൂ എന്ന പുസ്തകത്തിലെ വിലയിരുത്തൽ ഏറെ പ്രസക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആർ.എസ്,എസ് മോഡലിൽ പി.ഡി.പി നേതാവ് അബ്‌ദുൾ നാസർ മഅ്ദനി കേരളത്തിൽ സംഘടന വളർത്തിയെന്ന് പി.ജയരാജൻ പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്. ഇത് വിവാദമായിരുന്നു. ബാബറി മസ്‌ജിദ് തകർക്കപ്പെട്ടതിന് ശേഷമാണ് ആർ.എസ്. എസ് മോഡലിൽ കേരളത്തിൽ മുസ്ലിം തീവ്രവാദം വളർന്നതെന്നാണ് പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്നത്. ബാബറി മസ്ജിദിന്റെ തകർച്ചയ്ക്ക് ശേഷം മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ മഅ്ദനിയുടെ നേതൃത്വത്തിൽ കേരളത്തിലുടനീളം തീവ്രവാദ ചിന്ത വളർത്തുന്ന തരത്തിൽ പ്രഭാഷണ പരമ്പരകൾ സംഘടിപ്പിച്ചെന്നും അതി വൈകാരിക പ്രസംഗങ്ങളിലൂടെ ആളുകൾക്കിടയിൽ സ്വാധിനം ചെലുത്താനും തീവ്രചിന്താഗതികൾ വളർത്താൻ ശ്രമിച്ചുവെന്നും ജയരാജൻ ആരോപിക്കുന്നു.
1990ൽ ആർ.എസ്.എസിനെ അനുകരിച്ച് ഇസ്ലാമിക് സേവക് സംഘം (ഐ.എസ്.എസ്) രൂപീകരിച്ചത് മഅ്ദനിയുടെ നേതൃത്വത്തിലാണ്. ഐ,എസ്.എസിലൂടെ മുസ്ലിം യുവാക്കൾക്ക് ആയുധശേഖരവും ആയുധ പരിശീലനവും നൽകിയെന്നും പുസ്തകത്തിൽ ആരോപിക്കുന്നു.