
പാലക്കാട്: മാദ്ധ്യമങ്ങൾക്ക് നേരെ അധിക്ഷേപ പരാമർശം നടത്തിയ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എൻ.എൻ.കൃഷ്ണദാസിനെ തള്ളി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സുന്ദരമായ ഭാഷ ഉപയോഗിക്കുന്നതാണ് നല്ല വിമർശനത്തിന് അടിസ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്ന ഭാഷയിൽ തന്നെയാണ് മാദ്ധ്യമങ്ങൾക്ക് വിമർശനമുണ്ടായതെന്ന ഒളിയമ്പും അദ്ദേഹം ഉന്നയിച്ചു.
അതേസമയം, പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായി  എൻ.എൻ.കൃഷ്ണദാസ് ഇന്നലെ ആവർത്തിച്ചു. പത്രപ്രവർത്തക യൂണിയനോട് പരമപുച്ഛമാണെന്നും 'പട്ടികൾ" എന്ന പ്രയോഗം വളരെ ആലോചിച്ചാണ് താൻ നടത്തിയതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കൊതിമൂത്ത നാവുമായി നിൽക്കുന്നവരെയാണ് താൻ വിമർശിച്ചത്. പ്രതിഷേധം മടക്കി പോക്കറ്റിൽ വച്ചോളൂവെന്നും ആരെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.
സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ.കെ.ബാലൻ കൃഷ്ണദാസിന് പിന്തുണയുമായെത്തി. കൃഷ്ണദാസിനെ പ്രകോപിപ്പിച്ചത് മാദ്ധ്യമങ്ങളാണെന്നും നിരന്തരമായി മാദ്ധ്യമങ്ങൾ ഇടതുപക്ഷത്തെ കുറ്റം പറയുന്നതിൽ പ്രകോപിതനായാണ് അദ്ദേഹം പ്രതികരിച്ചതെന്നും ബാലൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. പാലക്കാട്ട് പാർട്ടിവിടുമെന്ന് പ്രഖ്യാപിച്ച ഏരിയാ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂറിനൊപ്പം എൽ.ഡി.എഫ് കൺവൻഷൻ വേദിയിലെത്തിയപ്പോഴായിരുന്നു കൃഷ്ണദാസ് മാദ്ധ്യമങ്ങളെ അധിക്ഷേപിച്ചത്. ഇറച്ചിക്കടകൾക്ക് മുന്നിൽ പട്ടികൾ കാവൽനിന്ന പോലെ മാദ്ധ്യമങ്ങൾ നിന്നെന്നായിരുന്നു പരാമർശം.
സംസ്ഥാന സെക്രട്ടേറിയറ്റിലും വിമർശനം
തൃശൂരിൽ ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റിലും വിഷയം ചർച്ചയായി. തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം പരാമർശങ്ങൾ കൃഷ്ണദാസ് ഒഴിവാക്കേണ്ടതായിരുന്നെന്ന് സംസ്ഥാന സെക്രട്ടേറിയറ്റിൽ വിലയിരുത്തിയതായാണ് വിവരം. നേതാക്കൾ ഓരോ വാക്ക് ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കണം. ഇത്തരത്തിലുള്ള പദപ്രയോഗങ്ങൾ നടത്തുന്നത് തെറ്റായ സന്ദേശം നൽകുമെന്നും സെക്രട്ടേറിയറ്റ് നിരീക്ഷിച്ചതായാണ് സൂചന.
മാദ്ധ്യമങ്ങളോട് സി.പി.എമ്മിന് യാതൊരുവിധ എതിർപ്പുമില്ല. മാദ്ധ്യമപ്രർത്തകരോടും വിദ്വേഷമില്ല. മാദ്ധ്യമങ്ങൾ സി.പി.എമ്മിനെതിരെ നടത്തുന്ന വ്യാജപ്രചാരണങ്ങളേയും അത്തരം നിലപാടുകളേയുമാണ് എതിർക്കുന്നത്. മാദ്ധ്യമ പ്രവർത്തകരോട് അടുത്തിടപഴകുന്ന ആളുകളാണ് ഞങ്ങളൊക്കെയും.
-ഇ.എൻ.സുരേഷ്ബാബു,
പാലക്കാട് ജില്ലാ സെക്രട്ടറി