bob-logo

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം ത്രൈമാസക്കാലയളവിൽ പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഒഫ് ബറോഡയുടെ അറ്റാദായം 23 ശതമാനം വർദ്ധനയോടെ 5,238 കോടി രൂപയായി. പലിശ വരുമാനം ഇക്കാലയളവിൽ 7.3 ശതമാനം ഉയർന്ന് 11,622 കോടി രൂപയിലെത്തി. മുൻവർഷം ഇതേകാലയളവിൽ അറ്റാദായം 4,253 കോടി രൂപയായിരുന്നു. നികുതിയും മറ്റിനങ്ങൾക്കും മുൻപുള്ള പ്രവർത്തന ലാഭം 12 ശതമാനം വളർച്ചയോടെ 16,803 കോടി രൂപയിലെത്തി.

ബാങ്കിന്റെ ആസ്തി മേൻമ ജൂലായ് മുതൽ സെപ്തംബർ വരെയുള്ള ഇക്കാലയളവിൽ മെച്ചപ്പെട്ടു. മൊത്തം നിഷ്ക്രിയ ആസ്‌തി 15.9 ശതമാനം കുറഞ്ഞ് 28,551 കോടി രൂപയായി. കിട്ടാക്കടം മൊത്തം വായ്‌പയുടെ 2.5 ശതമാനമായാണ് കുറഞ്ഞത്. അറ്റ നിഷ്ക്രിയ ആസ്തി 0.6 ശതമാനമായി താഴ്ന്നു. മൊത്തം വായ്പ 11.6 ശതമാനം വർദ്ധനയോടെ 11,43,039 കോടി രൂപയിലേക്കും മൊത്തം നിക്ഷേപങ്ങൾ 9.1 ശതമാനം വളർച്ചയോടെ 13,63,486 കോടി രൂപയിലേക്കും മെച്ചപ്പെട്ടു. വാഹന, ഭവന, വിദ്യാഭ്യാസ വായ്പകളിൽ 19.9 ശതമാനം വളർച്ച നേടാനും ബാങ്ക് ഒഫ് ബറോഡയ്‌ക്ക് കഴിഞ്ഞു.