kiwi

പൂനെ: അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല, പ്രതീക്ഷിച്ചപോലെ രണ്ടാം ടെസ്റ്റിലും തകർപ്പൻ ജയം നേടി ഇന്ത്യൻ മണ്ണിൽ ആദ്യമായി ടെസ്റ്റ് പരമ്പര നേട്ടമെന്ന ചരിത്രം കുറിച്ച് ടോം ലതാമിന്റെ ന്യൂസിലാൻഡ്. 12 വർഷത്തിനിടെ നാട്ടിൽ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര നഷ്ടം കൂടിയാണിത്. പൂനെയിലെ കുത്തിത്തിരിയുന്ന പിച്ചിൽ മിച്ചൽ സാന്റ്നർ‌ എന്ന ഇടം കൈയൻ സ്പിന്നർക്ക് മുന്നിൽ രണ്ടാം ഇന്നിംഗ്സിലും ഇന്ത്യൻ ബാറ്റിംഗ്‌നിര കറങ്ങി വീണപ്പോൾ 113 റൺസിന്റെ ഗംഭീര ജയമാണ് ന്യൂസിലാൻഡ് സ്വന്തമാക്കിയത്.

മൂന്നാം ദിനമായ ഇന്നലെ 198/5 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ന്യൂസിലാൻഡിനെ ഇന്ത്യ 255

റൺസിന് ഓൾഔട്ടാക്കി. തുടർന്ന് 359 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഇന്ത്യ 245 റൺസിന് ഓൾഔട്ടാവുകയായിരുന്നു.

57 റൺസ് മാത്രം

ഇന്നലെ രണ്ടാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ന്യൂസിലാൻഡിന് 57 റൺസ് കൂടി നേടുന്നതിനിടെ അവസാന അഞ്ച് വിക്കറ്റ് നഷ്ടമാവുകയായിരുന്നു. ഇന്ത്യയ്ക്കായി വാഷിംഗ്‌ടൺ സുന്ദർ നാലും രവീന്ദ്ര ജഡേജ മൂന്നും അശ്വിൻ ഒരു വിക്കറ്റും വീഴ്‌ത്തി. ടോം ബ്ലൻഡലിന്റെ (41) വിക്കറ്റാണ് കിവീസിന് ഇന്നലെ ആദ്യം നഷ്‌ടമായത്.ജഡേജ ബ്ലൻഡലിനെ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. പിന്നീട് വലറ്റത്ത് എത്തിയ ആർക്കും പിടിച്ചു നിൽക്കാനായില്ല. ലാസ്റ്റ് മാൻ വിൽ ഓർ റൂർക്കി റണ്ണൗട്ടായതോടെ കവി ഇന്നിംഗ്സിന് തിശീല വീണു.

പിന്നേം പരാജയം

359 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് രണ്ട് ദിവസം കൂടി മത്സരം ശേഷിക്കെ രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഇന്ത്യൻ ബാറ്റിംഗ് നിര പിന്നേം പരാജയമായി. 6വിക്കറ്റ് വീഴ്‌ത്തിയ മിച്ചൽ സാന്റ്‌നറാണ് രണ്ടാം ഇന്നിംഗസിലും ഇന്ത്യൻ ബാറ്റ‌ിംഗ് നിരയുടെ അന്തകനായത്. അജാസ് പട്ടേൽ രണ്ടും ഗ്ലെൻ ഫിലിപ്പ്‌സ് ഒരു വിക്കറ്റും വീഴ്‌ത്തി.

ഏകദിന ശൈലിയിൽ ബാറ്റ് വീശി അർദ്ധ സെഞ്ച്വറി നേടിയ യശ്വസി ജയ്‌സ്വാളിന്റെ (65 പന്തിൽ 77) ഇന്നിംഗ്‌സാണ് ഇന്ത്യൻ ഇന്നിംഗ‌സിൽ ആകെയുള്ള പ്ലസ് പോയിന്റ്. 42 റൺസ് നേടിയ രവീന്ദ്ര ജഡേജയും ഭേദപ്പെട്ട പ്രകടനം നടത്തി. എന്നാൽ സീനിയർ ബാറ്റർമാരായ ക്യാപ്ടൻ രോഹിത് ശർമ്മ (8), വിരാട് കൊഹ്‌ലി (17), റിഷഭ് പന്ത് (0) എന്നിവരും യുവപ്രതീക്ഷകളായിരുന്ന ശുഭ്‌മാൻ ഗിൽ (23), സർഫറാസ് ഖാൻ (9) എന്നിവരും പാടെ നിരാശപ്പെടുത്തി. സുന്ദർ (21), അശ്വിൻ (18),ആകാശ് ദിപ് (1) എന്നിങ്ങനെയാണ് വാലറ്റത്തിന്റെ പ്രകടനം. ബുംറ (10) പുറത്താകാതെ നിന്നു. യശ്വസിയെ കൂടാതെ രണ്ടാം ഇന്നിംഗ്സിൽ സിക്സടിച്ച ഇന്ത്യൻ ബാറ്റ‌ർ ബുംറ മാത്രമാണ്.

സാന്റ്‌നർ സ്റ്റാർ

ആദ്യ ഇന്നിംഗ്‌സിൽ ഏഴും രണ്ടാം ഇന്നിംഗ്സിൽ ആറും വിക്കറ്റുകൾ വീഴ്‌ത്തിയ കിവി സ്പിന്ന‌ർ മിച്ചൽ സാന്റ്‌നറാണ് കളിയിലെ താരം. ഒരുടെസ്റ്റിൽ ആദ്യമായാണ് സാന്റ്‌ന‌ർ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. ഇന്ത്യൻ ഇടംകൈയൻ സ്പിന്നർ വാഷിംഗ്ടൺ സുന്ദറും 11 വിക്കറ്റ് നേടി മികച്ച പ്രകനം കാഴ്‌ച വച്ചു.

ഇനി വാങ്കഡേ

മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ന്യൂസിലാൻഡ് 2-0ത്തിന് മുന്നിലെത്തി. ന്യൂസിലാൻഡ് പരമ്പര ഇപ്പോൾ തന്നെ സ്വന്തമാക്കിയതോടെ വാങ്കഡേയിൽ നവംബർ 1ന് ആരംഭിക്കുന്ന അവസാന ടെസ്റ്റിൽ ജയം നേടി വലിയ നാണക്കേടൊഴിവാക്കുകയാകും ഇന്ത്യയുടെ ലക്ഷ്യം.