pic

ഹൂസ്​റ്റൺ: യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസിന്റെ പ്രചാരണത്തിന് ആവേശം പകർന്ന് ഗായിക ബിയോൺസെ. ടെക്സസിലെ ഹൂസ്റ്റണിൽ നടന്ന റാലിയിൽ കമലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് താരമെത്തി.

'അമേരിക്ക ഒരു പുതിയ ഗാനം ആലപിക്കാനുള്ള സമയമായെന്ന്" ബിയോൺസെ പറഞ്ഞു. താൻ സെലിബ്രിറ്റിയോ രാഷ്ട്രീയക്കാരിയോ ആയിട്ടല്ല, മറിച്ച് ഒരു അമ്മയായിട്ടാണ് വേദിയിലെത്തിയതെന്നും കമലയ്ക്ക് വോട്ടഭ്യർത്ഥിക്കവെ ബിയോൺസെ പറഞ്ഞു. നേരത്തെ പോപ് താരം ടെയ്‌ലർ സ്വിഫ്റ്റും കമലയ്ക്ക് പിന്തുണയറിയിച്ചിരുന്നു.

ഇതിനിടെ,​ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനങ്ങളുമായി ഹോളിവുഡ് താരം ലിയനാർഡോ ഡികാപ്രിയോ രംഗത്തെത്തി. ട്രംപ് പ്രസിഡന്റായിരിക്കെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട കരാറുകൾ അമേരിക്ക പിൻവലിച്ചെന്നും ഇനി അത്തരം തെ​റ്റ് ആവർത്തിക്കാൻ അനുവദിക്കരുതെന്നും ഡികാപ്രിയോ പറഞ്ഞു.

ട്രംപ് ശാസ്ത്രത്തെയും വസ്തുതകളെയും നിഷേധിക്കുന്നയാളാണെന്നും പരിസ്ഥിതി പ്രവർത്തകൻ കൂടിയായ ഡികാപ്രിയോ കുറ്റപ്പെടുത്തി. തന്റെ വോട്ട് കമലയ്ക്കാണെന്നും എല്ലാവരും അവർക്ക് വോട്ട് ചെയ്യണമെന്നും ഡികാപ്രിയോ ആഹ്വാനം ചെയ്തു.