
ലാഹോർ: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് ചികിത്സയ്ക്കായി ലണ്ടനിലേക്ക് തിരിച്ചു. ദുബായ് വഴിയാണ് നവാസ് ലണ്ടനിലേക്ക് തിരിച്ചതെന്നും പിന്നീട് യു.എസിലേക്കും പോയേക്കുമെന്നും നവാസിന്റെ പി.എം.എൽ - എൽ (പാകിസ്ഥാൻ മുസ്ലിം ലീഗ് - നവാസ് ) പാർട്ടി അറിയിച്ചു. എന്ത് ചികിത്സയ്ക്കാണ് നവാസ് പോയതെന്ന് വ്യക്തമാക്കിയിട്ടില്ല.
നവാസിന്റെ മകളും പഞ്ചാബ് മുഖ്യമന്ത്രിയുമായ മറിയം നവാസ് അടുത്ത മാസം ആദ്യം ലണ്ടനിലേക്ക് തിരിച്ചേക്കും. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വർഷം ഒക്ടോബറിലാണ് 74കാരനായ നവാസ് ലണ്ടനിൽ നിന്ന് പാകിസ്ഥാനിൽ മടങ്ങിയെത്തിയത്. 2018ൽ അഴിമതി കേസിൽ നവാസിന് 10 വർഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനു പിന്നാലെ 2019ൽ ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോകാൻ കോടതി നവാസിന് അനുവാദം നൽകി.
ഫെബ്രുവരിയിൽ നടന്ന പൊതുതിരഞ്ഞെടുപ്പിന് പിന്നാലെ നാലാം തവണയും നവാസ് രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് കരുതിയിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിയും ഭൂരിപക്ഷം നേടാതെ വന്നതോടെ ചെറുപാർട്ടികളുടെ കൂടി സഹകരണത്തോടെ സർക്കാർ രൂപീകരിക്കാൻ പി.എം.എൽ - എൽ ധാരണയിലെത്തുകയായിരുന്നു. തുടർന്ന് നവാസിന്റെ സഹോദരൻ ഷെഹ്‌ബാസ് ഷെരീഫ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.