
ലണ്ടൻ: ലോകത്തെ ഏറ്റവും ഭാരമേറിയ ബെൽ പെപ്പർ (കാപ്സിക്കം) വിളവെടുത്ത് ഗിന്നസ് ലോക റെക്കാഡിൽ ഇടം നേടി യു.കെ സ്വദേശിയായ ഇയാൻ നീൽ. 966 ഗ്രാം ഭാരമുള്ള ബെൽ പെപ്പറിനെ കഴിഞ്ഞ മാസം വുസ്‌റ്റർഷറിൽ മാൽവേൺ ഓട്ടം ഷോയോട് അനുബന്ധിച്ച് നടന്ന യു.കെ നാഷണൽ ജയന്റ് വെജിറ്റബിൾ ചാമ്പ്യൻഷിപ്പിലാണ് അവതരിപ്പിച്ചത്. 750 ഗ്രാം ഭാരമുള്ള ബെൽ പെപ്പറിനായിരുന്നു നേരത്തെ ലോക റെക്കാഡ്. 2023ലായിരുന്നു ഈ റെക്കാഡ് സ്ഥാപിക്കപ്പെട്ടത്.
ന്യൂപോർട്ട് സ്വദേശിയായ ഇയാൻ ചെറുപ്പം മുതൽ തന്നെ പച്ചക്കറികളും പഴങ്ങളും കൃഷി ചെയ്യുന്നുണ്ട്. മത്സരങ്ങളിൽ പങ്കെടുക്കുന്നതും പതിവാണ്. ഏറെ പരിശ്രമിച്ചിട്ടാണ് ഇത്തരമൊരു നേട്ടത്തിൽ എത്തിച്ചേരാൻ സാധിച്ചതെന്ന് ഇയാൻ പറയുന്നു.
കൃഷിക്കായി ഒരുപാട് സമയം ചെലവഴിക്കാറുണ്ടെന്നും താൻ ഏറെ ഇഷ്ടത്തോടെയാണ് തന്റെ ജോലികൾ ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. സാധാരണ സൂപ്പർമാർക്കറ്റുകളിൽ നിന്ന് കിട്ടുന്ന ബെൽ പെപ്പറിനേക്കാൾ ഏഴ് മടങ്ങ് വലിപ്പമുള്ളതാണ് 81കാരനായ ഇയാൻ കൃഷി ചെയ്തെടുത്തത്.
അതേ സമയം, ബെൽ പെപ്പർ മാത്രമല്ല മറ്റ് 11 പച്ചക്കറി, പഴ വർഗ്ഗ ഇനങ്ങളും ഇത്തവണത്തെ യു.കെ നാഷണൽ ജയന്റ് വെജിറ്റബിൾ ചാമ്പ്യൻഷിപ്പിനിടെ ലോക റെക്കാഡ് നേടിയെന്ന് ഗിന്നസ് അധികൃതർ പറയുന്നു.