k-muraleedharan

പാലക്കാട്: ഉപതിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി തന്റെ പേരാണ് നിർദേശിച്ചതെന്ന് ഡിസിസി അറിയിച്ചിരുന്നെന്ന് കെ മുരളീധരൻ. തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡി സി സി പ്രസിഡന്റ് എ തങ്കപ്പൻ എ ഐ സി സിക്ക് കത്തയച്ചിരുന്നുവെന്നാണ് അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.


ഇപ്പോൾ കത്ത് എങ്ങനെ പുറത്തുവന്നെന്ന് അറിയില്ല. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച സാഹചര്യത്തിൽ കത്തിന്മേൽ ഇനിയൊരു ചർച്ചയുടെ ആവശ്യമില്ലെന്നും മുരളീധരൻ പറഞ്ഞു. അതേസമയം, സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് പല പേരുകളും ചർച്ചയ്ക്ക് വരുമെന്ന് പാലക്കാട്‌ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. അത്തരത്തിൽ കെ മുരളീധരന്റെ പേര് ചർച്ചയ്ക്ക് വന്നിട്ടുണ്ടെങ്കിൽ എന്താണ് തെറ്റെന്നും കേരളത്തിലെ ഏത് മണ്ഡലത്തിലേക്കും അനുയോജ്യനായ സ്ഥാനാർത്ഥിയാണ് മുരളീധരനെന്നും അദ്ദേഹം പറഞ്ഞു.

മുരളീധരനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡി സി സി പ്രസിഡന്റ് രണ്ട് പേജുള്ള കത്താണ് എ ഐ സി സിക്ക് അയച്ചത്. കത്തിന്റെ ഒരുഭാഗം ഇന്നലെ പുറത്തുവന്നിരുന്നു. ബി ജെ പിയെ തോൽപ്പിക്കാൻ മുരളീധരനെ പാലക്കാട് മത്സരിപ്പിക്കണമെന്നും ഡി സി സി ഭാരവാഹികൾ ഏകകണ്ഠമായി എടുത്ത തീരുമാനമാണിതെന്നും കത്തിൽ പറയുന്നു. പുറത്തുവന്ന കത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരുണ്ടായിരുന്നില്ല.


എന്നാൽ കത്തിനെ കുറിച്ച് അറിയില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. സ്ഥാനാർത്ഥി നിർണയ സമയത്ത് പലരുടെയും പേരുകൾ ഉയർന്നു വരുമെന്നും പല ഘടകങ്ങളും പരിഗണിച്ചാണ് തീരുമാനമെടുക്കുകയെന്നും സതീശൻ പറഞ്ഞിരുന്നു.