camdom

ബെർലിൻ: പങ്കാളിയുമായുള്ള സ്വകാര്യ നിമിഷങ്ങൾ മൂന്നാമതൊരാൾ അറിയുമെന്ന പേടി ഇനി വേണ്ട. ജർമ്മൻ ആരോഗ്യ രംഗത്തെ കമ്പനി തങ്ങളുടെ ഏറ്റവും പുതിയ പ്രൊഡക്റ്റായ 'കാംഡം' എന്ന 'ഡിജിറ്റൽ കോണ്ടം' അവതരിപ്പിച്ചിരിക്കുകയാണ്. പുതിയ ആപ്പ് അനുവദനീയമല്ലാത്ത റെക്കോർഡിംഗ് ഉൾപ്പടെ തടയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഈ ഉൽപ്പനം ഉപയോഗിക്കുന്നതോടെ സ്വകാര്യ ദൃശ്യങ്ങൾ, സംഭാഷണങ്ങൾ ഉൾപ്പടെ ചോരുമെന്ന പേടി അവസാനിപ്പിക്കാൻ സാധിക്കും. ജർമ്മൻ കമ്പനിയായ ബില്ലി ബോയാണ് പുതിയ ആപ്പ് വികസിപ്പിച്ചെടുത്തത്.

ഈ നൂതന ആപ്ലിക്കേഷൻ ബ്ലൂടൂത്ത് ഉപയോഗിച്ച് സ്മാർട്ട്‌ഫോൺ ക്യാമറകളും മൈക്രോഫോണുകളും പ്രവർത്തനരഹിതമാക്കി സ്വകാര്യ നിമിഷങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ സഹായിക്കും. ഏതെങ്കിലും തരത്തിലുള്ള ഹാക്കിംഗ് നിങ്ങളുടെ സ്മാർട്ട് ഫോണിൽ നടക്കുകയാണെങ്കിൽ മുന്നറിയിപ്പ് നൽകാനും ഈ ആപ്പ് സഹായിക്കും. ആപ്പ് മുപ്പതോളം രാജ്യങ്ങളിൽ ഉടൻ എത്തുമെന്നും ഭാവിയിൽ ഐഒഎസ് ഫോണുകളിലും എത്തിക്കുമെന്നും കമ്പനി അറിയിച്ചു.

നിങ്ങളുടെ സ്മാർട്ട് ഫോണിലെ സെൻസിറ്റീവ് ഡാറ്റയുടെ സുരക്ഷയ്ക്ക് ഈ ആപ്പ് സഹായകമാണെന്ന് ആപ്പ് ഡെവലപ്പർ കൂടിയായ ഫെലിപ് അൽമേഡ പറഞ്ഞു. 'ഇക്കാലത്ത് സ്മാർട്ട് ഫോൺ എന്നത് നമ്മുടെ ശരീരത്തിന്റെ ഒരു ഭാഗമായിരിക്കുകയാണ്. ഒരുപാട് സെൻസിറ്റീവ് ഡാറ്റ നിങ്ങളുടെ ഫോണിൽ സൂക്ഷിക്കേണ്ടതായി വരും. സമ്മതമില്ലാത്ത നിങ്ങളുടെ ഉള്ളടക്കം റെക്കോർഡ് ചെയ്യുന്നതിൽ പരിരക്ഷിക്കും. കൂടാതെ ബ്ലൂടൂത്ത് ഉപയോഗിച്ച് നിങ്ങളുടെ ക്യാമറയും മൈക്കും ബ്ലോക്ക് ചെയ്യാൻ കഴിയുന്ന ആദ്യത്തെ ആപ്പാണിത്'- ഫെലിപ് അൽമേഡ പറഞ്ഞു.

ആപ്പിന്റെ പ്രവർത്തനരീതി
നിങ്ങളുടെ സ്മാർട്ട് ഫോണിൽ 'കാംഡെം' ആദ്യം ഇൻസ്റ്റാൾ ചെയ്യുകയാണ് വേണ്ടത്. നിങ്ങളുടെ പങ്കാളികളുമായുള്ള സ്വകാര്യ നിമിഷങ്ങളിലേക്ക് കടക്കുമ്പോൾ ഈ ആപ്പിലെ വെർച്വൽ ബട്ടൺ സ്വൈ‌പ്പ് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. ഇത് ക്യാമറ, മൈക്രോഫോൺ എന്നിവയിലൂടെ റെക്കോർഡ് ചെയ്യുന്നത് തടയാൻ സഹായിക്കും. ഇനി ആരെങ്കിലും ഈ ബ്ലോക്ക് മറികടക്കാൻ ശ്രമിക്കുകയാണെങ്കിൽ, ആപ്പിന്റെ നൂതന സാങ്കേതികവിദ്യ ലംഘനം കണ്ടെത്തുകയും മുന്നറിയിപ്പ് അലാറാം നൽകുകയും ചെയ്യും. ഒരേ സമയത്ത് ഒന്നിൽക്കൂടുതൽ ഡിവൈസുകൾ ബ്ലോക്ക് ചെയ്യാൻ ഈ ആപ്പ് സഹായിക്കും.

സോഷ്യൽ മീഡിയയിൽ ചർച്ച
ആപ്പ് സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായതോടെയാണ് 'ഡിജിറ്റൽ കോണ്ടം' എന്ന പേരടക്കം വന്നത്. സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ വ്യാപകമായി പ്രചരിക്കുന്ന ഈ സമയത്ത് ആപ്പിന് ഒരുപാട് പ്രാധാന്യം അർഹിക്കുന്നുണ്ടെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ കുറിച്ചു. രസകരവും പ്രധാനപ്പെട്ടതുമായ ഒരുപാട് കമന്റുകൾ ആപ്പിനെക്കുറിച്ച് നിറയുന്നുണ്ട്.