
മനുഷ്യർക്ക് പാമ്പിന്റെ കടിയേറ്റാൽ ആയൂർവേദത്തിലും അലോപ്പതിയിലും നിരവധി ചികിത്സകളുണ്ട്. അത്തരത്തിൽ ഒരു അവസ്ഥ ഉണ്ടായാൽ കൂടുതൽ ആളുകളും ഉടനടി എത്തുന്നത് ആശുപത്രികളിലേക്കാണ്. എന്നാൽ പരമ്പരാഗതമായി പാമ്പിന്റെ വിഷമിറക്കുന്ന ചികിത്സാരീതികളും ഇന്നും നിലനിൽക്കുന്നുണ്ട്. അത്തരത്തിലുളള ഒരു വീഡിയോയാണ് അടുത്തിടെ സോഷ്യൽമീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയത്.
പാമ്പ് കടിയേറ്റ ഒരു സ്ത്രീയുടെ ശരീരത്തിൽ നിന്നും വിഷമിറക്കാൻ ഒരു ഗ്രാമത്തിലെ ആളുകൾ സ്വീകരിച്ച രീതിയാണ് വീഡിയോയിലുണ്ടായിരുന്നത്. സ്ത്രീയെ കട്ടിലിൽ കിടത്തി ആര്യവേപ്പില ഉപയോഗിച്ച് മുറിവിലും മറ്റ് ശരീരഭാഗങ്ങളിലും തുടയ്ക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ജാർഖണ്ഡിലെ ഗോഡ ജില്ലയിലെ കുസ്മി ഗ്രാമത്തിലെ ചികിത്സാരീതിയാണിത്. ഇതിന് വിവിധതരത്തിലുളള പ്രതികരണങ്ങളാണ് ലഭിച്ചത്. ചിലർ വീഡിയോ വ്യാജമാണെന്നും പറഞ്ഞു. ഈ വീഡിയോയുടെ സത്യാവസ്ഥ എന്താണെന്ന് നോക്കാം.
കുസ്‌മി ഗ്രാമത്തിലുളളവർ നൂറ്റാണ്ടുകളായി ചെയ്തുവരുന്ന ഒരു ചികിത്സാരീതിയാണിത്. പാമ്പ് കടിയേറ്റ നിരവധിയാളുകൾ ഈ ചികിത്സയിലൂടെ രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് ഗ്രാമവാസികൾ പറയുന്നത്. സുൽഖി ദേവി എന്ന സ്ത്രീക്കാണ് പാമ്പ് കടിയേറ്റത്. വയലിൽ ജോലി ചെയ്യുന്നതിനിടെയാണ് തനിക്ക് പാമ്പ് കടിയേറ്റതെന്ന് അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഈ വിവരം സുൽഖി വിഷമിറക്കൽ ചികിത്സ നടത്തുന്ന ഉപേന്ദ്ര യാദവ് എന്ന ആളെ അറിയിക്കുകയായിരുന്നു.
ഉപേന്ദ്ര നടത്തിയ ചികിത്സയിലൂടെയാണ് തനിക്ക് ജീവൻ തിരികെ ലഭിച്ചതെന്നും സുൽഖി മാദ്ധ്യമങ്ങളോട് പറഞ്ഞു. പാമ്പ് കടിയേറ്റ നൂറ് കണക്കിനാളുകളെ ഇത്തരത്തിൽ ചികിത്സിച്ച് രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് ഉപേന്ദ്ര യാദവ് അവകാശപ്പെടുന്നുണ്ട്. മാദ്ധ്യമങ്ങളോട് അദ്ദേഹം ചികിത്സാരീതിയും വ്യക്തമാക്കി. 'ആദ്യം ഏത് പാമ്പാണ് കടിച്ചതെന്ന് മനസിലാക്കും. ഇതിനായി മുറിവിന്റെ ഘടന നോക്കിയാൽ മതി.ശേഷം ആര്യവേപ്പിന്റെ ഇലകൾ ശരീരത്തിൽ തുടയ്ക്കും.ഒപ്പം വിഷഹാരി എന്ന ദേവതയുടെ മന്ത്രവും ഉരുവിടും. വേപ്പിലകൾക്ക് പാമ്പിന്റെ വിഷത്തെ നിർവീര്യമാക്കാൻ സാധിക്കുമെന്നാണ് പറയുന്നത്'- ഉപേന്ദ്ര പറഞ്ഞു. ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്ത രോഗികളെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാൻ നിർദ്ദേശം നൽകുമെന്നും ഉപേന്ദ്ര വ്യക്തമാക്കി.