
സ്ട്രീറ്റ് ഫുഡുകൾ ഇഷ്ടപ്പെടാത്തവരായി ആരാണുളളത്? ഇന്ന് തെരുവോര കടകളിൽ കാണുന്ന പല നോർത്ത് ഇന്ത്യൻ വിഭവങ്ങളും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. അത്തരത്തിലുളള ഒരു വിഭവമാണ് മോമോസ്. ആദ്യ സമയങ്ങളിൽ മോമോസ് തയ്യാറാക്കുന്നതിന് നോർത്ത് ഇന്ത്യയിൽ നിന്നും ആളുകളെ കേരളത്തിലേക്കെത്തിക്കുന്ന ഒരു പതിവുണ്ടായിരുന്നു. എന്നാലിപ്പോൾ പല തെരുവോര കടകളിലും രുചികരമായ മോമോസ് തയ്യാറാക്കുന്നത് മലയാളികൾ തന്നെയാണ്.
ഇവർക്ക് ദിവസം തോറും ലഭിക്കുന്ന വരുമാനം എത്രയാണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അത്തരത്തിൽ ഒരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. സോഷ്യൽമീഡിയ ഇൻഫ്ളുവൻസറായ സാർത്ഥക് സച്ച്‌ദേവയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 24 മില്യൺ ആളുകളാണ് വീഡിയോ ഇതുവരെയായിട്ടും കണ്ടിരിക്കുന്നത്.
മോമോസ് വിൽക്കുന്ന ഒരു ചെറിയ കടയുടെ വീഡിയോയാണ് വൈറലായത്. കടയുടെ ഉടമയോടൊപ്പം ഒരു തൊഴിലാളിയായാണ് സാർത്ഥക് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വ്യത്യസ്ത രുചിയിലുളള മോമോസ് തയ്യാറാക്കുന്ന രീതികളും വീഡിയോയിൽ പറയുന്നുണ്ട്.

ഒരു പ്ലേറ്റ് നോർമൽ മോമോസിന് 60 രൂപയും തന്തൂരി മോമോസിന് 80 രൂപയുമാണ് കടയിലെ വില. ഒന്നര മണിക്കൂറിനിടയിൽ 55 പ്ലേറ്റ് മോമോസാണ് വിറ്റുപോയതെന്ന് ഇൻഫ്ളുവൻസർ പറയുന്നുണ്ട്.അങ്ങനെ നാല് മണിക്കൂർ കൊണ്ട് 121 പ്ലേറ്റ് നോർമൽ മോമോസും 70 പ്ലേറ്റ് തന്തൂരി മോമോസുമാണ് വിറ്റഴിഞ്ഞത്. ഒരു ദിവസം കിട്ടുന്ന വരുമാനത്തെക്കുറിച്ചും സാർത്ഥക് ഉടമയോട് ചോദിക്കുന്നുണ്ട്.
13,500 രൂപയാണ് ആ ദിവസത്തെ വരുമാനമെന്നും സാധനങ്ങൾ വാങ്ങാനായി 6000 രൂപ ചെലവായെന്നും കടക്കാരൻ പറയുന്നു. അതായത് ഒരു ദിവസം 7,500 രൂപ മുതൽ 8000 രൂപയുടെ ലാഭം ഉണ്ടാക്കാൻ സാധിക്കുമെന്നും അയാൾ വ്യക്തമാക്കി. ഇത്തരത്തിൽ തനിക്ക് പ്രതിമാസം 2.4 ലക്ഷം രൂപയുടെ വരുമാനമാണ് ഉളളതെന്നും കടക്കാരൻ കൂട്ടിച്ചേർത്തു.