സിനിമാപ്രേമികൾ ഏറെ ഭയത്തോടെയും ആകാംഷയോടെയും അടുത്തിടെ കണ്ട ഒരു മലയാളം വെബ് സീരീസാണ് നജീം കോയ സംവിധാനം ചെയ്ത 1000 ബേബീസ്. മലയാളികളുടെ പ്രിയനടൻ റഹ്മാൻ അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തിയ സീരീസിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തന്റേതായ ശരികളിലൂടെ കൊല നടത്തുന്ന സോഷ്യോപാത്തിന്റെ കഥ പറയുന്ന സീരീസിൽ പ്രധാന വേഷം ചെയ്തിരിക്കുന്നത് യുവനടനായ സഞ്ജു ശിവറാമാണ്. ബിബിൻ എന്ന നിഷ്കളങ്കനായ യുവാവ് എങ്ങനെയാണ് സോഷ്യോപാത്താകുന്നതെന്നും 1000 ബേബീസിന്റെ ആദ്യ സീസണിൽ പറയുന്നുണ്ട്.
ഇപ്പോഴിതാ സഞ്ജുശിവറാം 1000 ബേബീസിൽ അഭിനയിച്ചതിന്റെ അനുഭവങ്ങൾ കൗമുദി മൂവീസിനോട് പങ്കുവച്ചിരിക്കുകയാണ്. കൊവിഡിനുശേഷമാണ് തന്റെ സിനിമാജീവിതം മെച്ചപ്പെട്ടതെന്നും താരം പറയുന്നു.'സിനിമാജീവിതത്തിൽ ഞാൻ ഇതുവരെ ചെയ്തതിൽ മികച്ച കഥാപാത്രമാണ് ബിബിൻ. കൊവിഡിനുശേഷമാണ് സിനിമയിൽ കുറച്ചും കൂടി ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ലഭിച്ചത്. നിർണായക തീരുമാനങ്ങൾ എടുത്തതും ആ സമയത്തായിരുന്നു.

കൊവിഡ് എനിക്ക് നല്ല സമയമായിട്ടാണ് തോന്നുന്നത്. കാരണം ആ സമയങ്ങളിൽ നമുക്കൊന്നും ചെയ്യാനില്ലായിരുന്നു. അപ്പോൾ കൂടുതൽ ചിന്തിക്കാനും മാറ്റങ്ങൾ വരുത്താനുമുളള ഒരു സമയം കിട്ടി. ആ സമയത്ത് എന്തൊക്കെ ചെയ്യാമെന്നും എന്തൊക്കെ ചെയ്യരുതെന്ന ചിന്തകൾ ഉണ്ടാകും. അങ്ങനെ എല്ലാം പോസിറ്റീവായി. എന്റെ ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങളും ആ സമയത്താണ് നടന്നത്. 1000 ബേബീസിലുളളതുപോലെ പല സംഭവങ്ങളും ലോകത്ത് സംഭവിച്ച് കാണും. പുതിയ സീസണിനായി കാത്തിരിക്കുകയാണ്. ഇതിലൂടെ നല്ല വേഷങ്ങൾ കിട്ടുമെന്നാണ് വിശ്വസിക്കുന്നത്'- താരം പറഞ്ഞു.