jamsheena

തൃപ്പൂണിത്തുറ: ഗുരുവായൂരപ്പന് മുന്നിൽ കഥകളി അവതരിപ്പിച്ച് അരങ്ങേറ്റം കുറിക്കുകയാണ് ജംഷീന ജമാൽ. തൃപ്പൂണിത്തുറ ആർ.എൽ.വി ഗവ. കോളേജ് ഒഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ എം.എ. മോഹിനിയാട്ടം പഠിക്കുന്ന ജംഷീന കഴിഞ്ഞ മൂന്നു വർഷമായി കലാമണ്ഡലം വൈശാഖ് രാജശേഖരന്റെ കീഴിൽ കഥകളി അഭ്യസിച്ചു വരികയായിരുന്നു.

ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം എന്നീ കലകൾ അഭ്യസിക്കുന്ന ജംഷീനയ്ക്ക് ചെറുപ്പം മുതൽ കഥകളിയോട് അതിയായ ഇഷ്ടമുണ്ടായിരുന്നു. എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ മോഹിനിയാട്ടം, കേരളനടനം എന്നിവയിൽ സംസ്ഥാന ജേതാവാണ്. കൂടാതെ മോഹിനിയാട്ടത്തിൽ സർവകലാശാലാ തലത്തിൽ റാങ്കും നേടിയിട്ടുണ്ട്.

ശ്രീകൃഷ്ണനായി അരങ്ങേറ്റം

ദുര്യോധനവധം കഥയിലെ ശ്രീകൃഷ്ണനായി ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലാണ് ഇന്നലെ അരങ്ങേറ്റം കുറിച്ചത്. ജംഷീനയുടെ കലയോടുള്ള ആത്മാർത്ഥതയുടെയും സമർപ്പണത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും നേർക്കാഴ്ചയായ പ്രകടനം കാണികളുടെ മനം കവർന്നു. ഇടപ്പള്ളി തോണിപ്പറമ്പിൽ ടി.എ. ജമാലിന്റെയും ഷീബയുടെയും മകളാണ്. സഹോദരൻ: ജംഷാദ്.