jammers

ന്യൂഡൽഹി: അനധികൃതമായി ചൈനീസ് മൊബൈൽ ജാമറുകൾ കടയിൽ സൂക്ഷിച്ചതിന് ഉടമ അറസ്​റ്റിലായി. ഡൽഹിയിലെ പാലിക ബസാറിൽ കട നടത്തിവരികയായിരുന്ന രവി മാത്തൂറിനെയാണ് പൊലീസ് അറസ്​റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ചൈനീസ് ജാമറുകൾ സൂക്ഷിക്കുന്നതിനും വിൽക്കുന്നതിനുമായുളള രേഖകളൊന്നും കടയുടമയിൽ നിന്ന് കണ്ടെത്താൻ സാധിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കി.

കേന്ദ്ര നിയമപ്രകാരം സർക്കാർ- പ്രതിരോധ വകുപ്പുകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കുമാത്രമേ ചൈനീസ് ജാമറുകൾ ഉപയോഗിക്കാനുളള അനുമതി നൽകിയിട്ടുളളൂ. ലജ്പത് റായി മാർക്ക​റ്റിൽ നിന്നും 25,000 രൂപയ്ക്ക് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് വിൽക്കാൻ വേണ്ടിയാണ് ജാമറുകൾ വാങ്ങിയതെന്നാണ് രവി മൊഴി നൽകിയത്.

50 മീ​റ്റർ പരിധിയിലുളള മൊബൈൽ സിഗ്നലുകളെ തടയാൻ സാധിക്കുന്ന ജാമറുകൾക്ക് ഫോണിലേക്കെത്തുന്ന സന്ദേശങ്ങളെയും ഇൻകമിംഗ് ഔട്ട്‌ഗോയിംഗ് കോളുകളെയും തടസപ്പെടുത്താൻ സാധിക്കും. ജാമറുകൾ കടയിൽ സൂക്ഷിച്ചതിനുപിന്നിലെ വ്യക്തമായ കാരണങ്ങൾ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവം ടെലികമ്യൂണിക്കേഷൻ വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും കൂടുതൽ കടകളിൽ പരിശോധന നടത്തിവരികയാണെന്നും പൊലീസ് വ്യക്തമാക്കി.