
കൊച്ചി: ദീർഘകാലത്തെ റെക്കാഡ് മുന്നേറ്റത്തിന് ശേഷം സ്വർണ വിപണി ലാഭമെടുപ്പിലേക്ക് നീങ്ങിയേക്കും. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളും അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പും ജി.ഡി.പി വളർച്ച നിരക്കുമാകും ഈ വാരം വിപണിയെ നയിക്കുക. കഴിഞ്ഞ വാരാന്ത്യത്തിൽ രാജ്യാന്തര വിപണിയിൽ സ്വർണ വില 2,748 ഡോളർ വരെ ഉയർന്നിരുന്നു. ഇതോടെ സംസ്ഥാനത്ത് സ്വർണ വില പവന് 58,880 രൂപയിലെത്തി റെക്കാഡിട്ടു. ദീപാവലിക്ക് മുന്നോടിയായി ഇന്ത്യയിൽ സ്വർണ വില്പനയിൽ ഉണർവുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇപ്പോഴത്തെ വിലയിൽ ഒരു പവൻ സ്വർണം വാങ്ങുന്നതിന് നികുതിയും പണിക്കുൂലിയും മറ്റ് ചാർജുകളും ഉൾപ്പെടെ 63,600 രൂപയ്ക്കടുത്താകും. ഓഹരി, ക്രിപ്‌റ്റോ കറൻസി, ബോണ്ടുകൾ എന്നിവ വില്പന സമ്മർദ്ദത്തിലായതോടെ സ്വർണത്തിലേക്ക് നിക്ഷേപം കൂടുതലായി എത്തുന്നു. വിവിധ കേന്ദ്ര ബാങ്കുകളും സ്വർണ ശേഖരം കൂട്ടുകയാണ്.