vijay

വില്ലുപുരം: തമിഴ്നാട് വെട്രികഴകത്തിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുക്കാൻ വില്ലുപുരം വിക്രവാണ്ടിയിലെ വേദിയിലെത്തി തമിഴകത്തിന്റെ ദളപതി വിജയ്. ആയിരക്കണക്കിന് ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യേകം സജ്ജീകരിച്ച നടപ്പാതയിലൂടെയാണ് വിജയ് വേദിയിലേക്ക് എത്തിയത്. തങ്ങളുടെ പ്രിയപ്പെട്ട ദളപതിയെ കണ്ട സന്തോഷത്തിൽ പ്രവർത്തകർ ഷാളുകൾ എറിഞ്ഞുകൊണ്ടാണ് സ്വീകരിച്ചത്. സിനിമകളെ വെല്ലുന്ന മാസ് എൻട്രിയിലാണ് വിജയ് വേദിയിൽ എത്തിയത്.

ഒരു പുതിയ വിജയ് പടം റിലീസാകുന്നതിന്റെ പതിന്മടങ്ങ് ആവേശമാണ് വില്ലുപുരത്താകെയുള്ളത്. ഇളയ ദളപതിയുടെ രാഷ്ട്രീയ പ്രവേശം സൂപ്പർ ഹിറ്റാക്കാൻ തമിഴ്നാട്ടിലെ മാത്രമല്ല, കേരളത്തിലേയും ആരാധകർ ഇവിടേക്ക് ഒഴുകിയെത്തിയിട്ടുണ്ട്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ് പാർട്ടിയുടെ പ്രത്യയശാസ്ത്രം അറിയിച്ച് ശക്തി തെളിയിക്കുന്ന സുപ്രധാന ദിനമാണ് ഇന്ന്. വിജയ് സിനിമയിലെ ട്വിസ്റ്റുകൾ പോലെ സസ്‌പെൻസുകളും ഒളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

ദ്രാവിഡ പാർട്ടികളിലെ നിരവധി പ്രമുഖ നേതാക്കളും മുൻ കോൺഗ്രസ്, ഡിഎംകെ, അണ്ണാ ഡിഎംകെ നേതാക്കളും വേദിയിൽ പ്രത്യക്ഷപ്പെട്ടേക്കാം. നിരവധി സിനിമാ താരങ്ങളും പങ്കെടുത്തേക്കും. മൂന്നു ലക്ഷംപേർക്ക് ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. വിക്രവാണ്ടിയിൽ 170 ഏക്കറിലാണ് സമ്മേളന വേദി. ബി.ആർ അംബേദ്കർ, പെരിയാർ ഇ.വി രാമസാമി, കെ.കാമരാജ്, ബി.ആർ അംബേദ്കർ എന്നിവർക്കൊപ്പം വിജയടേയും കൂറ്റൻ കട്ടൗട്ടുകൾ പ്രധാന ആകർഷണം.

പൊലീസിനു പുറമെ സ്വകാര്യ സുരക്ഷാ ഏജൻസികളേയും നിയോഗിച്ചിട്ടുണ്ട്. 700 സിസി.ടി.വി ക്യാമറകൾ, 15,000 എൽ.ഇ.ഡി ലൈറ്റുകൾ, ഹൈടെക് സൗണ്ട് സിസ്റ്റം എന്നിവ സ്ഥാപിച്ചു. മെഡിക്കൽ കിയോസ്‌കുകൾ വേദിയിലുടനീളവും സജ്ജമാക്കി. ആറ് മണിക്ക് വിജയ് വേദിയിൽ എത്തുമെന്നാണ് നേരത്തെ അറിയിച്ചെങ്കിലും നാല് മണിയോടെ താരം വേദിയിൽ പ്രവേശിക്കുകയായിരുന്നു. 8 വരെ വിജയ് വേദിയിലുണ്ടാകും.