sidharth-malhotra

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് സിദ്ധാർത്ഥ് മൽഹോത്രയും ജാൻവി കപൂറും. തുഷാർ ജലോട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ആദ്യമായാണ് സിദ്ധാർത്ഥും ജാൻവി കപൂറും ഒന്നിച്ച് അഭിനയിക്കുന്നത്. റൊമാന്റിക് കോമഡി എന്റർടെയ്നർ വിഭാഗത്തിൽപെടുന്നതാണ് പുതിയ ചിത്രമെന്നാണ് സൂചന. 'പരം സുന്ദരി' എന്നാണ് ചിത്രത്തിന്റെ പേര്. ഇതിൽ ജാൻവി കപൂർ മലയാളിയായാണ് എത്തുന്നതെന്നാണ് സൂചന. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

'ദേവര'യാണ് ജാൻവി കപൂറിന്റെ റിലീസ് ചെയ്ത പുതിയ ചിത്രം. നടി തെലുങ്കിൽ അരങ്ങേറ്റം നടത്തിയ ചിത്രമാണിത്. ജൂനിയർ എൻടിആറാണ് ചിത്രത്തിലെ നായകൻ. കൊരട്ടല ശിവയാണ് സംവിധാനം. കടലിന്റെ പശ്ചാത്തലത്തിൽ രക്ത കലുഷിതമായ കഥയാണ് ദേവരയുടെ ആദ്യ ഭാഗത്തിൽ പറയുന്നത്. കൊരട്ടല ശിവയും ജൂനിയർ എൻ ടി ആറും ജനതാ ഗ്യാരേജിനുശേഷം ഒരുമിക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം സെയ്ഫ് അലിഖാനാണ് പ്രതിനായകൻ. സെയ്ഫിന്റെയും ആദ്യ തെലുങ്ക് ചിത്രം കൂടിയാണ്. ഷൈൻ ടോം ചാക്കോ, നരേൻ എന്നീ മലയാളി താരങ്ങളുമുണ്ട്.