
പശ്ചിമേഷ്യയിൽ ഇനി എന്ത് സംഭവിക്കും. ? സംഘർഷം ആളിപ്പടരുമോ ? വർഷങ്ങളായുള്ള നിഴൽ യുദ്ധം അവസാനിപ്പിച്ച് ഇസ്രയേലും ഇറാനും നേർക്കുനേർ ഏറ്റുമുട്ടുമോ ?
-----------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------പശ്ചിമേഷ്യയിൽ ഇനി എന്ത് സംഭവിക്കും. ? സംഘർഷം ആളിപ്പടരുമോ ? വർഷങ്ങളായുള്ള നിഴൽ യുദ്ധം അവസാനിപ്പിച്ച് ഇസ്രയേലും ഇറാനും നേർക്കുനേർ ഏറ്റുമുട്ടുമോ ? എല്ലാത്തിനും ഉത്തരം ഇറാന്റെ കൈകളിലാണ്. ഇറാന്റെ അടുത്ത നീക്കം പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ഗതി നിർണയിക്കും. ശനിയാഴ്ച പുലർച്ചെയാണ് ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ഇസ്രയേൽ ആക്രമിച്ചത്. വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈൽ, ഡ്രോൺ ബേസുകളും നിർമ്മാണ കേന്ദ്രങ്ങളും ഇസ്രയേലി യുദ്ധവിമാനങ്ങൾ തകർത്തു.
ഒക്ടോബർ ഒന്നിന് ടെൽ അവീവിന് നേരെ ഇറാൻ നടത്തിയ ബാലിസ്‌റ്റിക് മിസൈൽ ആക്രമണത്തിന്റെ തിരിച്ചടിയാണ് അരങ്ങേറിയത്. ഹിസ്ബുള്ള തലവൻ ഹസൻ നസ്രള്ളയുടെയും ഹമാസ് മേധാവിയായിരുന്ന ഇസ്മയിൽ ഹനിയേയുടെയും വധത്തിന് ഇറാന്റെ പ്രതികാരമായിരുന്നു ഒക്ടോബർ ഒന്നിലെ ആക്രമണം.
അന്ന് ഇസ്രയേലിൽ ആളപായമുണ്ടായില്ല. എന്നാൽ ശനിയാഴ്ച ഇസ്രയേൽ തിരിച്ചടിയിൽ ഇറാന്റെ 4 സൈനികർ കൊല്ലപ്പെട്ടു. അപ്പോൾ ഇറാൻ പ്രതികാര നടപടി സ്വീകരിക്കില്ലേ.? തീർച്ചയായും. എന്നാൽ അതിന്റെ തീവ്രത എങ്ങനെയാകും എന്നാണ് ലോകം ഉറ്റുനോക്കുന്നത്. നിലവിൽ ഇസ്രയേൽ ആക്രമണത്തിന്റെ ആഘാതം ഇറാൻ കുറച്ചുകാട്ടുന്നുണ്ട്. ആക്രമണത്തെ ചെറുത്തെന്നും പരിമിതമായ നഷ്ടം മാത്രമാണുണ്ടായതെന്നും പറയുന്നു.
മാത്രമല്ല, പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി അടക്കം ഉന്നത നേതാക്കൾ ഇസ്രയേലിനെതിരെ 'യുദ്ധകാഹളം" മുഴക്കിയിട്ടില്ല. ഖമനേയി കഴിഞ്ഞ ഏതാനും ദിവസങ്ങളായി പരസ്യ പ്രതികരണങ്ങളും നടത്തിയിട്ടില്ല. ക്യാൻസർ രോഗം ഗുരുതരമായതിനാൽ അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ഇത് പല അഭ്യൂഹങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. മാത്രമല്ല അടുത്ത ഖമനേയിയായി അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ മോജ്തബാ വരുമെന്നും അറിയുന്നു.ഈ കാര്യം പശ്ചിമേഷ്യ ഉറ്റുനോക്കുകയാണ്.
ഇസ്രയേൽ ഇറാന്റെ ആണവ, എണ്ണ കേന്ദ്രങ്ങളെ തകർക്കുമെന്നോ ഉന്നതരെ വധിക്കുമെന്നോ ലോകം ഭയന്നിരുന്നു. അങ്ങനെയെങ്കിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ ടെൽ അവീവിലേക്ക് ചീറിപ്പാഞ്ഞേനെ. എന്നാൽ സൈനിക ടാർജറ്റുകൾ കേന്ദ്രീകരിച്ച് തീവ്രത കുറച്ചാണ് ഇസ്രയേൽ തിരിച്ചടിച്ചത്. അതിനാൽ, അതേ അനുപാതത്തിലാകും ഇറാന്റെ തിരിച്ചടിയെന്നാണ് അനുമാനം. തിരിച്ചടി ഉടൻ കണ്ടേക്കില്ല. ഒരുപക്ഷേ തിരിച്ചടി ഇറാൻ ഒഴിവാക്കിയാൽ ഇരു രാജ്യങ്ങളും തമ്മിലെ കൊമ്പുകോർക്കൽ താത്കാലികമായെങ്കിലും അടങ്ങും.
എന്നാൽ ഇറാൻ അങ്ങനെ ഒതുങ്ങിയിരിക്കുമോ. സംശയമാണ്. അത് തങ്ങളെ ദുർബലരാക്കി ചിത്രീകരിക്കുമെന്ന് ഇറാൻ കരുതുന്നു. സഖ്യ കക്ഷികളായ ഗാസയിലെ ഹമാസും ലെബനനിലെ ഹിസ്ബുള്ളയും ഉന്നത നേതാക്കളെ നഷ്ടപ്പെട്ട് ശക്തി ക്ഷയിച്ച അവസ്ഥയിലുമാണ്. ഗാസയിൽ വെടിനിറുത്തലിനുള്ള ചർച്ചകളും തുടങ്ങി. ഈ ഘട്ടത്തിൽ സംഘർഷം ആളിക്കത്തിക്കാൻ ഇറാൻ ശ്രമിച്ചേക്കില്ലെന്ന് കരുതാം.
എന്നാൽ അടങ്ങിയിരിക്കാനും സാദ്ധ്യതയില്ല. ഒരു പക്ഷേ നിഴൽ സംഘടനകളെ അവർ ആയുധമാക്കാം. കാര്യമെന്തൊക്കെയായാലും ഹമാസും ഹിസ്ബുള്ളയുമല്ല ഇറാൻ. പടിഞ്ഞാറൻ ഏഷ്യയിലെ ഏറ്റവും ശക്തമായ സൈന്യമാണ് അവർക്ക്. അതുകൊണ്ട് ഇസ്രയേലും ഇറാനും ഏറ്റുമുട്ടിയാൽ മിഡിൽ ഈസ്റ്റ് മാത്രമല്ല, ലോകം മുഴുവൻ രോഷാഗ്നിയിൽ മുങ്ങുമെന്നതിൽ സംശയമില്ല.