crime
പ്രതീകാത്മക ചിത്രം

കൊല്ലം: സവാരി വിളിച്ച ഓട്ടോയില്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. കൊല്ലം കാരിക്കോട് സ്വദേശി നവാസ് ആണ് സംഭവത്തില്‍ പൊലീസിന്റെ പിടിയിലായിരിക്കുന്നത്. ട്യൂഷന്‍ കഴിഞ്ഞ് മടങ്ങി വരികയായിരുന്ന പെണ്‍കുട്ടികളാണ് ഓട്ടോ സവാരിക്ക് വിളിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പ്രധാന പാതയിലൂടെ വരികയായിരുന്ന ഓട്ടോയാണ് കുട്ടികള്‍ വിളിച്ചത്. ഓട്ടോയില്‍ കയറിയ പെണ്‍കുട്ടികള്‍ക്ക് യാതൊരു അസ്വാഭാവികതയും തോന്നിയിരുന്നില്ല നവാസിന്റെ പെരുമാറ്റത്തില്‍.

എന്നാല്‍ ഓട്ടോ റിക്ഷ കുറച്ച് ദൂരം സഞ്ചരിച്ചതിന് ശേഷം നവാസ് വേഗത പെട്ടെന്ന് കൂട്ടുകയായിരുന്നു. അപ്രതീക്ഷിതമായി ഇയാള്‍ റോഡിനോട് ചേര്‍ന്നുള്ള ഒരു ഇടവഴിയിലേക്ക് വാഹനം അമിതവേഗത്തില്‍ ഓടിച്ച് കയറ്റിയതോടെ കുട്ടികള്‍ ഭയന്നു. വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതി പിന്നെയും വേഗത കൂട്ടുകയായിരുന്നു. ഇതോടെ വാഹനത്തിലുണ്ടായിരുന്ന കുട്ടികള്‍ ഭയപ്പെടുകയും നിര്‍ത്തില്ലെന്ന് മനസ്സിലായപ്പോള്‍ ഒരാള്‍ വാഹനത്തില്‍ നിന്ന് പുറത്തേക്ക് ചാടുകയുമായിരുന്നു.

ഒരാള്‍ വാഹനത്തില്‍ നിന്ന് പുറത്ത് കടന്നുവെന്ന് മനസ്സിലായിട്ടും നവാസ് വാഹനം നിര്‍ത്താതെ പിന്നെയും മുന്നോട്ട് പോയി. എന്നാല്‍ അല്‍പ്പദൂരം പിന്നിട്ടപ്പോള്‍ ഓട്ടോ റിക്ഷ നിര്‍ത്തുകയും രണ്ടാമത്തെ കുട്ടിയെ വഴിയില്‍ ഇറക്കി വിടുകയുമായിരുന്നു. വാഹനത്തില്‍ നിന്ന് പുറത്തേക്ക് ചാടിയ കുട്ടിയുടെ കൈക്കും കാലിനും പരിക്കുകളുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തി വരികയാണ്. തട്ടിക്കൊണ്ട് പോകല്‍ തന്നെയാണ് പ്രതി ഉദ്ദേശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.