
വാഷിംഗ്ടൺ : യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസ് ജയിക്കുമെന്ന് ചരിത്രകാരനും തിരഞ്ഞെടുപ്പ് വിദഗ്ദ്ധനുമായ അലൻ ലിക്‌റ്റ്മൻ. യു.എസ് തിരഞ്ഞെടുപ്പ് ഫലങ്ങൾ കൃത്യമായി പ്രവചിക്കുന്ന ഇദ്ദേഹത്തെ 'ഇലക്ഷൻ നോസ്ട്രഡാമസ്" എന്നാണ് വിശേഷിപ്പിക്കുന്നത്. 16ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫ്രഞ്ച് ജ്യോതിഷിയും വൈദ്യശാസ്ത്രജ്ഞനുമായിരുന്നു നോസ്ട്രഡാമസ്. ഭാവിയെക്കുറിച്ച് അദ്ദേഹം പറഞ്ഞതെന്ന് കരുതുന്ന പ്രവചനങ്ങൾ പ്രശസ്തമാണ്.
1984 മുതലുള്ള പത്ത് തിരഞ്ഞെടുപ്പുകളിൽ ഒമ്പെണ്ണത്തിന്റെ ഫലവും അലൻ കൃത്യമായി പ്രവചിച്ചിട്ടുണ്ട്. 'ദ കീസ് റ്റു ദ വൈറ്റ് ഹൗസ്" എന്ന തന്റെ നിയമത്തെ അടിസ്ഥാനമാക്കിയാണ് അലന്റെ പ്രവചനങ്ങൾ. 13 സുപ്രധാന ഘടകങ്ങളെ (കീ) ആധാരമാക്കിയാണ് അലന്റെ വിലയിരുത്തൽ. സാമ്പത്തിക നില, വിവാദങ്ങൾ, സ്ഥാനാർത്ഥിയുടെ വ്യക്തി പ്രഭാവം തുടങ്ങിയവ ഇതിൽപ്പെടുന്നു.
ഇതിൽ എട്ടെണ്ണം ഡെമോക്രാറ്റുകൾക്ക് അനുകൂലമാണത്രെ. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപ് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്നുണ്ടെങ്കിലും അദ്ദേഹം ജയിക്കില്ലെന്നാണ് ലിക്‌റ്റ്മൻ പറയുന്നത്.
അതേ സമയം, കമല തിരഞ്ഞെടുക്കപ്പെട്ടാൽ അവർ യു.എസിനെ മൂന്നാം ലോക മഹായുദ്ധത്തിലേക്ക് കൊണ്ടെത്തിക്കുമെന്ന് ട്രംപ് പരിഹസിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് തുടങ്ങിയ ലോക നേതാക്കളുമായി ഫലപ്രദമായി ഇടപെടാൻ കമലയ്ക്ക് കഴിയില്ലെന്നും കുറ്റപ്പെടുത്തി.