crime

തിരുവനന്തപുരം: തലസ്ഥാനനഗരത്തിനോട് ചേര്‍ന്ന് കിടക്കുന്ന മംഗലപുരത്ത് പട്ടാപ്പകല്‍ നടന്ന പീഡനത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികള്‍. പ്രതികളായ കൊല്ലം സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ പുറത്തുവരുന്നത് ആസൂത്രിതമായ കൊടുംക്രൂരതയുടെ ഞെട്ടിക്കുന്ന കഥകളാണ്. പ്രതികളായ കൊല്ലം കൊട്ടിയം സ്വദേശി ബൈജുവും പരവൂര്‍ സ്വദേശി ജിക്കോ ഷാജിയും പ്രദേശത്ത് കേബിള്‍ പണിക്ക് എത്തിയവരായിരുന്നു. കൃത്യമായി ആസൂത്രണം ചെയ്താണ് ഇരുവരും ചേര്‍ന്ന് 20കാരിയെ പീഡിപ്പിച്ചത്.

സംഭവത്തിന് രണ്ട് ദിവസം മുമ്പ് മുതല്‍ പ്രതികള്‍ ഈ പ്രദേശത്ത് പണിക്കായി എത്തിയിരുന്നു. യുവതിയെ ശ്രദ്ധിച്ചപ്പോള്‍ മുതല്‍ ഇരുവരും അവസരം നോക്കിയിരിക്കുകയായിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് പ്രതികള്‍. ജിക്കോ ഷാജി അഞ്ച് കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് തന്നെ പറയുന്നു. പെണ്‍കുട്ടിയുടെ അച്ഛനമ്മമാര്‍ ജോലിക്ക് പോയിരുന്നു. സഹോദരനും പെണ്‍കുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

വീട്ടില്‍ യുവതി ഒറ്റക്കാണെന്ന് മനസ്സിലാക്കിയ പ്രതികള്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തേക്ക് പ്രവേശിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. നിലവിളിച്ച് ബഹളമുണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ വായില്‍ തുണി തിരുകുകയും ചെയ്തു. കുതറിമാറിയ ശേഷം രക്ഷപ്പെട്ട ശേഷം സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി കാര്യം അറിയിച്ചതോടെയാണ് പുറംലോകം വിവരമറിഞ്ഞത്. തുടര്‍ന്ന് ഇവരാണ് പൊലീസില്‍ വിവരം അറിയിച്ചതും. സംഭവത്തില്‍ വിശദമായ പരിശോധന നടത്തിവരികയാണ് പൊലീസ്.

അക്രമികള്‍ ജോലി സംബന്ധമായി ഇതിനുമുമ്പും ഈ വീടിന്റെ പരിസരത്ത് എത്തിയിട്ടുള്ളതായാണ് വിവരം. വീട്ടില്‍ ആരും ഇല്ലാതാകുന്ന സമയം നേരത്തേ നോക്കിവെച്ച ശേഷമാണ് അക്രമികള്‍ വീട്ടിലെത്തിയത്. ഒച്ചവെയ്ക്കാന്‍ ആവുന്നതിനും മുമ്പേ ഇരുവരും ചേര്‍ന്ന് ഉപദ്രവിക്കുകയായിരുന്നു എന്നാണ് പരാതി. യുവതിയുടെ വായില്‍ തുണി തിരുകി ശേഷമായിരുന്നു അതിക്രമം. ഇതിനുപിന്നാലെ ഇരുവരും സ്ഥലത്ത് നിന്ന് രക്ഷപെട്ടു. എന്നാല്‍, രാത്രിയോടെ പൊലീസ് ഇരുവരേയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.