vijay

വിക്രവാണ്ടി (വില്ലുപുരം): മറ്റ് രാഷ്ട്രീയ പാർട്ടികളെക്കാൾ കൂടുതൽ ശക്തമായ ഭാഷയിൽ വിജയ് വിമർശിച്ചത് ഡി.എം.കെയാണ്. ഒരു കുടുംബം സംസ്ഥാനത്തെ കൊള്ളയടിക്കുകയാണ്. ഫാഷിസം എന്ന പേര് പറിഞ്ഞ് നിങ്ങൾ ഭയം കാട്ടുന്നു, ദ്രാവിഡ മോഡൽ രാഷ്ട്രീയം പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്നു. അവർ ഫാസിസ്റ്റ്, നീങ്കൾ പായസമാ...? പേരു പറയാതെയായിരുന്നു കളിയാക്കൽ. തന്റെ മരിച്ചുപോയ സഹോദരി വിദ്യയെ ഓർത്തും വിജയ് സംസാരിച്ചു. അതേ വിഷമമാണ് അനിത എന്ന പ്ലസ്ടു വിദ്യാർത്ഥിനി നീറ്റിന്റെ പേരിൽ മരിച്ചപ്പോൾ തോന്നിയത്. ഈ സർക്കാർ ഇവിടെ ഉണ്ടായതുകൊണ്ട് എന്ത് പ്രയോജനമെന്നും ചോദിച്ചു. ജാതി, മത രാഷ്ട്രീയം പറയുന്നതിനെയും വിമർശിച്ചു.

തമിഴ് സിനിമയിലെ പോലെ മാസ് ചേരുവകളോടെയാണു ടി.വി.കെയുടെ സമ്മേളനവും വിജയുടെ പ്രസംഗവും രൂപപ്പെടുത്തിയത്.

ശൊലല്ല മുഖ്യ സെയ്യൽ സെയ്യൽ.... (പറച്ചിലല്ല, പ്രവർത്തിയാണ് മുഖ്യം)

മുഷ്ടി ഉയർത്തി ഇങ്ങനെ പറഞ്ഞിട്ട്, സദസിന്റെ അനുവാദം തേടി ചോദിച്ചു. എന്നാ നൻപാ, എന്നാ നൻപീ, എന്നാ തോഴാ... എന്നാ തോഴീ...
ഞാൻ ഒരാളെയും പേരെടുത്തു പറഞ്ഞില്ല. ചിലർ ഇവന് ഭയമാണോ എന്ന് ചോദിക്കുന്നു. പേര് പറയാൻ ഭയമുണ്ടായിട്ടല്ല, പറയാൻ അറിയാഞ്ഞിട്ടുമല്ല, അതിനല്ല ഇവിടെ വന്നത്- വിജയ് നിലപാട് വ്യക്തമാക്കി.

വർണവിവേചനം തടയും

കൈത്തറി വസ്ത്രം ധരിക്കണം

വർണവിവേചനത്തിനെതിരെ ശക്തമായ ശിക്ഷ നടപ്പാക്കുമെന്ന് വിജയ് പ്രഖ്യാപിച്ചു.

നെയ്ത്തുകാരുടെ ഉപജീവനമാർഗം മെച്ചപ്പെടുത്താൻ സർക്കാർ ജീവനക്കാർ ആഴ്ചയിൽ രണ്ടു ദിവസം കൈത്തറി വസ്ത്രം ധരിക്കാൻ ഉത്തരവിടും.

സ്‌കൂൾ വിദ്യാർഥികൾ, മെഡിക്കൽ തൊഴിലാളികൾ, ശുചീകരണത്തൊഴിലാളികൾ തുടങ്ങിയവർക്ക് കൈത്തറി നിർബന്ധമാക്കും.

മൺപാത്ര നിർമാണ തൊഴിലാളികളുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിന് സർക്കാർ റസ്റ്റോറന്റുകളിലും ഹോസ്റ്റലുകളിലും മൺപാത്രങ്ങൾ നിർബന്ധമാക്കും.