crime

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടികൂടിയ രണ്ടരടണ്‍ വിദേശ നിര്‍മ്മിത വ്യാജ ഇന്ത്യന്‍ സിഗററ്റ് കസ്റ്റംസ് അധികൃതര്‍ കഴിഞ്ഞദിവസം കത്തിച്ചുകളഞ്ഞു.

അമ്പലമേടിലെ മാലിന്യസംസ്‌കരണ കമ്പനിയായ കേരള എന്‍വിറോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിലെ ഇന്‍സിനറേറ്ററില്‍ വെള്ളിയാഴ്ചയായിരുന്നു മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയോടെ സിഗററ്റ് ദഹനം. രാവിലെ ആരംഭിച്ച കത്തിക്കല്‍ വൈകിട്ടുവരെ നീണ്ടു.

68 ശതമാനം നികുതിയാണ് ഇന്ത്യയില്‍ സിഗററ്റിന്. വിദേശത്ത് ഇന്ത്യയേക്കാള്‍ നിര്‍മ്മാണച്ചെലവ് തീരെ കുറവുമാണ്.

ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള ഗോള്‍ഡ് ഫ്‌ളേക്ക് ബ്രാന്‍ഡുകളുടെ വ്യാജന്‍ കള്ളക്കടത്ത് തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളൂ. ബാഗേജുകളില്‍ ഒളിപ്പിച്ചാണ് കടത്ത്. കഴിഞ്ഞ മേയിലും മൂന്ന് ടണ്‍ വ്യാജ സിഗററ്റ് കൊച്ചി കസ്റ്റംസ് കത്തിച്ച് കളഞ്ഞിരുന്നു.

സിഗററ്റ് വലി ആരോഗ്യത്തിന് ഹാനികരമാണെന്നുള്ള മുന്നറിയിപ്പും ക്യാന്‍സര്‍ ചിത്രങ്ങളും രേഖപ്പെടുത്തിയ സിഗററ്റുകള്‍ മാത്രമേ ഇന്ത്യയില്‍ വില്‍ക്കാനാകൂ. ഇവയെല്ലാം അച്ചടിച്ചാണ് വിദേശവ്യാജ സിഗററ്റുകള്‍ എത്തിക്കുന്നത്. ഒറിജിനല്‍ വിദേശ ബ്രാന്‍ഡുകളും കസ്റ്റംസ് പിടികൂടാറുണ്ട്. മുന്നറിയിപ്പുകള്‍ അച്ചടിക്കാത്തതിനാല്‍ ഇവ ലേലത്തില്‍ വില്‍ക്കാനാവില്ല.


കള്ളക്കടത്ത് വിമാനത്താവളം വഴി

തിരുവനന്തപുരം, നെടുമ്പാശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് സിഗരറ്റ് കടത്ത്.

പതിനായിരത്തോളം സിഗരറ്റ് പെട്ടികള്‍ ലോറിയിലാണ് ഐലന്‍ഡിലെ ഗോഡൗണില്‍നിന്ന് കത്തിക്കാനായി എത്തിച്ചത്.

പ്രമുഖ ബ്രാന്‍ഡായ ഗോള്‍ഡ് ഫ്‌ളേക്കിന്റെ കിംഗ് സൈസ് റെഡ്, ബ്‌ളൂ ബ്രാന്‍ഡുകളുടെ വ്യാജനാണ് ഇവ.


ഗോള്‍ഡ് ഫ്‌ളേക്കിന് വിദേശ വ്യാജന്‍

ഇന്ത്യന്‍ ടുബാക്കോ കമ്പനി (ഐ.ടി.സി) നിര്‍മ്മിക്കുന്ന ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ളതാണ് ഗോള്‍ഡ് ഫ്‌ളേക്ക്. ഇത് കയറ്റുമതി ചെയ്യുന്നില്ല. കച്ചവടക്കാര്‍ക്ക് കുറഞ്ഞവിലയ്ക്ക് നല്‍കുന്ന വ്യാജന്‍ ഒറിജിനലിന്റെ വിലയ്ക്കാണ് വില്‍ക്കുക. വന്‍സംഘം ഇതിന് പിന്നിലുണ്ടെന്നാണ് സൂചന. പക്ഷേ ഈ സംഘങ്ങളെക്കുറിച്ച് അന്വേഷണമൊന്നും ഇതുവരെ കസ്റ്റംസ് നടത്തിയിട്ടില്ല. കഴിഞ്ഞ ആറ് മാസത്തിനിടെ തുറന്നു പരിശോധിച്ച ബാഗേജുകളില്‍നിന്ന് മാത്രം ലഭിച്ചതാണ് രണ്ടരടണ്‍ സിഗററ്റ്. പിടിയിലാകാതെ ആയിരക്കണക്കിന് ടണ്‍ വിപണിയിലെത്തുന്നുണ്ടെന്നാണ് വിവരം.