
മോസ്കോ : ലോകത്തെ ഏറ്റവും ഭാരമേറിയ പൂച്ചയെന്ന് അറിയപ്പെട്ട 'ക്രോഷിക്" (ക്രംബ്സ്) ഓർമ്മയായി. റഷ്യയിലെ പേം നഗരത്തിൽ ജീവിച്ചിരുന്ന ക്രോഷികിന് 17 കിലോഗ്രാമായിരുന്നു ഭാരം. ശനിയാഴ്ച രാത്രി ക്രോഷികിന് പെട്ടെന്ന് ശ്വാസതടസം അടക്കം അസ്വസ്ഥതകൾ നേരിടുകയായിരുന്നു. ഡോക്ടർമാർ ക്രോഷികിനെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും വിഫലമായി.
മുൻ ഉടമകൾ ക്രോഷികിനെ ഒരു ആശുപത്രി ബേസ്‌മെന്റിൽ ഉപേക്ഷിക്കുകയായിരുന്നു. ആശുപത്രിയിലെ ജീവനക്കാർ ആവശ്യത്തിലധികം ബിസ്ക്കറ്റും സൂപ്പും നൽകിയതോടെ ഓറഞ്ച് നിറത്തിലെ ക്രോഷികിന്റെ ഭാരം ക്രമാതീതമായി കൂടി. ഒടുവിൽ അമിത ഭാരം മൂലം നടക്കാൻ പോലുമാകാതെ ബുദ്ധിമുട്ടിയ ക്രോഷികിനെ മൃഗസംരക്ഷണ പ്രവർത്തകർ ഏറ്റെടുക്കുകയായിരുന്നു.
അനങ്ങാൻ പോലും ആകാത്ത വിധം അവശനായ ക്രോഷികിനെ ഒരു വെറ്ററിനറി ക്ലിനിക്കിൽ എത്തിച്ചെങ്കിലും അമിത ഭാരം വില്ലനായി. ചികിത്സ ശരിയായി നടത്താനാകാതെ വന്നതോടെ ഡോക്ടർമാർ കഴിഞ്ഞ മാസം ക്രോഷികിന് ഡയറ്റ് തീരുമാനിച്ചു.
ഇതിനിടെ വെറ്ററിനറി ക്ലിനിക്കിൽ നിന്ന് രക്ഷപെടാൻ ക്രോഷിക് ശ്രമിച്ചെങ്കിലും ഷൂ റാക്കിൽ വയർ കുടുങ്ങി. ക്രോഷികിന്റെ ഭാരം നാലിൽ മൂന്നായി കുറയ്ക്കാനുള്ള വ്യായാമങ്ങളും പരിശീലനങ്ങളും തുടരുന്നതിനിടെയാണ് വിയോഗം. ഏതാനും ആഴ്ചകൾ കൊണ്ട് തന്നെ ക്രോഷികിന്റെ ഭാരത്തിൽ നിന്ന് 997.903 ഗ്രാം കുറയ്ക്കാൻ കഴിഞ്ഞിരുന്നു.