pooram

തൃശൂർ: പൂരം അലങ്കോലമാക്കിയ സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ശക്തമായി പ്രതികരിച്ച് ദേവസ്വം ഭാരവാഹികൾ. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളാണ് പ്രതികരിച്ചത്. പൂരം അലങ്കോലമായതിന് പിന്നിൽ ഗൂഢാലോചനയല്ല, മറിച്ച് ഉദ്യോഗസ്ഥ പിഴച്ചതാവാം എന്നാണ് തിരുവമ്പാടി ദേവസ്വം പ്രതികരണം. അതേസമയം എഫ്‌ഐ‌ആർ ഇട്ട് ഉപദ്രവിച്ചാൽ അംഗീകരിക്കില്ലെന്ന് പാറമേക്കാവ് ദേവസ്വവും അറിയിച്ചു.

'തൃശൂർപൂരം കലങ്ങിയതിന് പിന്നിൽ ഗൂഢാലോചനയല്ല, ഉദ്യോഗസ്ഥർക്ക് എവിടെയോ പിഴച്ചതാകാം. പൊതുവായി എടുത്ത തീരുമാനത്തിൽ എവിടെയോ പിഴച്ചിട്ടുണ്ട്.' തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ് കുമാർ പ്രതികരിച്ചു. പൂരം നടത്തിയതിന് എഫ്.ഐ.ആർ ഇട്ട് ഉപദ്രവിക്കാനാണെങ്കിൽ അംഗീകരിക്കില്ല. ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെന്തിന് എഫ്‌ഐ‌ആർ ഇട്ട് അന്വേഷിച്ച് ദേവസ്വങ്ങളെയും സംഘാടകരെയും ബുദ്ധിമുട്ടിക്കുന്നെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷും ചോദിച്ചു.

പൂരം കലങ്ങിയില്ലെന്നും വെടിക്കെട്ട് അൽപം വൈകുക മാത്രമാണുണ്ടായതെന്നും മുഖ്യമന്ത്രി പ്രതികരിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം പൂരം കലക്കിയത് തന്നെയാണെന്ന് സി.പി.ഐ വ്യക്തമാക്കിയിരുന്നു. ഇതോടെ വിവാദം വീണ്ടും കൊഴുത്തു. പൂരം കലക്കിയതാണെന്ന് മന്ത്രിമാർ വരെ നിയമസഭയിൽ പറഞ്ഞതാണെന്ന് കോൺഗ്രസ് ആവർത്തിക്കുമ്പോൾ, മുഖ്യമന്ത്രി പറയുന്നത് ശരിയല്ലെന്നാണ് തിരുവമ്പാടി ദേവസ്വത്തിന്റെ നിലപാട്. ഇതോടെ, ഈ ഉപതിരഞ്ഞെടുപ്പിലും പൂരം പ്രചാരണായുധമായി.

ചേലക്കരയിലും പാലക്കാടുമുള്ള പൂര പ്രേമികളുടെ വോട്ടാണ് ലക്ഷ്യം. തൃശൂർ പൂരത്തിന്റെ എഴുന്നള്ളിപ്പും വെടിക്കെട്ടും ചർച്ചയായിട്ടുണ്ട്. വെടിക്കെട്ട് പ്രതിസന്ധിക്ക് വഴി വച്ചേക്കാവുന്ന കേന്ദ്രസർക്കാരിന്റെ വിജ്ഞാപനവും ആശങ്കകൾക്ക് ഇടയാക്കിയിരുന്നു. വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്ന സ്ഥലവും ഫയർലൈനും തമ്മിലുള്ള അകലം 45 മീറ്ററിൽ നിന്ന് 200 മീറ്ററാക്കുന്നത് അടക്കമുള്ള നിർദ്ദേശങ്ങൾക്കെതിരെയാണ് ദേവസ്വങ്ങളുടെ പ്രതിഷേധം.

ഇതിനിടെ, ആനയെ ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കുന്നത് മനുഷ്യന്റെ അഹന്തയാണെന്ന് കഴിഞ്ഞദിവസം ഹൈക്കോടതിയും നിരീക്ഷിച്ചു. കടലിൽ ജീവിക്കുന്ന തിമിംഗലത്തെ എഴുന്നള്ളിക്കാൻ കഴിയുമായിരുന്നെങ്കിൽ അതിനെയും പിടിച്ചുകൊണ്ടു വരുമായിരുന്നെന്നും ഡിവിഷൻബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. ആന എഴുന്നള്ളിപ്പിന് മാർഗനിർദ്ദേശം പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കി.