
കാസർകോട്: വന്ദേഭാരത് എക്സ്പ്രസിന്റെ കോച്ചുകളുടെ നിർമ്മാണത്തിൽ നിർണായക പങ്കുവഹിക്കാൻ കാസർകോട്. കോച്ചുകളിലെ തറ, ശൗചാലയ വാതിൽ, ബെർത്ത് എന്നിവ ഇനി കാസർകോട് നിന്ന് നിർമ്മിക്കും. പഞ്ചാബ് ഖന്ന ആസ്ഥാനമായി പ്രവർത്തിക്കുന്ന മാഗ്നസ് പ്ലൈവുഡ്സാണ് ജില്ലാ വ്യാവസായ കേന്ദ്രത്തിന്റെ അനന്തപുരം വ്യവസായ പാർക്കിൽ പ്ലാന്റ് തുടങ്ങുന്നത്. ഇതിന് വ്യവസായ വകുപ്പുമായി ധാരണാപത്രം ഒപ്പിട്ടു. ഇതോടൊപ്പം പാർട്ടിക്കിൾ ബോർഡ് നിർമ്മിക്കുന്ന രണ്ട് ഉത്തരേന്ത്യൻ കമ്പനികളും അനന്തപുരത്ത് സംരംഭം തുടങ്ങാൻ ഒരുങ്ങുന്നുണ്ട്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഗതാഗത, ഇന്റീരിയർ നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് മാഗ്നസ് പ്ലൈവുഡ്സ്. റെയിൽവെയുടെ കപുർത്തലയിലെ കോച്ച് ഫാക്ടറിയിലേക്കും റായ്ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറിയിലേക്കും പാർട്ടീഷ്യൻ പ്ലൈവുഡ് പാനൽ, കോച്ചിന്റെ തറയുടെ പലക ശൗചലയത്തിന്റെ ബോർഡ് എന്നിവ മാഗ്നസ് നിർമ്മിച്ച് നൽകുന്നുണ്ട്.
നിലവിൽ ചെയർകാറുകളായ വന്ദേഭാരത് എക്സ്പ്രസുകളാണ് ഇന്ത്യയിൽ സർവീസ് നടത്തുന്നത്. ഇനി സ്ലീപ്പർ കോച്ചുകളുള്ള വന്ദേഭാരത് എക്സ്പ്രസുകൾ ട്രാക്കിലിറങ്ങും. കൂടാതെ റേക്കുകളുടെ എണ്ണവും വർദ്ധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന് വേണ്ടി ബലമേറിയ ബെർത്തുകൾ നിർമ്മിക്കാൻ ബലം കൂടിയ പ്ലൈവുഡ് ബോർഡുകൾ വേണ്ടി വരും. ചെന്നൈയിലെ കോച്ച് ഫാക്ടറിയിലേക്കാണ് കാസർകോട് നിന്ന് ബോർഡുകൾ എത്തിക്കും.
വർഷങ്ങളോളം കേടുവരാത്തതും തീപിടിത്തത്തെയും രാസവസ്തുക്കളെയും പ്രതിരോധിക്കുന്നതുമായ കംപ്രഗ്, പ്ലൈവുഡ്, പ്രീലാമിനേറ്റഡ് ഷീറ്റ്, എൽപി ഷീറ്റ്, ശബ്ദ വിന്യാസം ക്രമീകരിക്കുന്ന ബോർഡുകൾ എന്നിവയാണ് കാസർകോട് നിർമ്മിക്കുന്നത്. ടാറ്റ മോട്ടോഴ്സ്, ബിഎസ്എഫ്, ഗുജറാത്ത് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ എന്നിവയ്ക്കും പ്ലൈവുഡ് വിതരണം ചെയ്യുന്നുണ്ട്.