മോഹൻലാൽ എപ്പോഴും ഒരു ചെറിയ കുട്ടിയെ പോലെയാണെന്ന് തുറന്നുപറഞ്ഞ് മല്ലിക സുകുമാരൻ. അദ്ദേഹത്തിന് കിട്ടിയ സ്ഥാനം മലയാള സിനിമയിലെ മറ്റൊരു അഭിനേതാവിനും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മല്ലിക സുകുമാരൻ പറഞ്ഞു. കൗമുദി മൂവീസിന് അനുവദിച്ച ഒരു അഭിമുഖത്തിലാണ് മോഹൻലാലിനെക്കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞത്.

'മോഹൻലാൽ എനിക്കെപ്പോഴും ഒരു കുട്ടിയെ പോലെയാണ്. ഞങ്ങളുടെ വീട്ടിൽ കളിച്ചുവളർന്ന കുട്ടിയാണ് ലാലു (മോഹൻലാൽ). അവന്റെ കുസൃതി കാണുമ്പോൾ എല്ലാവർക്കും പേടിയാകുമായിരുന്നു.അതുകൊണ്ട് അവൻ വീട്ടിലെത്തിയാൽ അവനെ നോക്കാനുളള ഉത്തരവാദിത്തം എനിക്കായി. അതുകൊണ്ടുതന്നെ ലാലു എനിക്കൊരു അനുജനെ പോലെയാണ്. വലിയ വേദികളിൽ നിൽക്കുമ്പോഴും ഞാൻ മോഹൻലാലിനെ ലാലു എന്നാണ് വിളിക്കുന്നത്. അവന്റെ സിനിമയിലെ വളർച്ച കണ്ട വ്യക്തിയാണ് ഞാൻ.

mallika-sukumaran

കുട്ടിക്കാലത്ത് അവൻ പഠിച്ച് വലിയ ജില്ലാ കളക്ടർ ആകുമെന്ന് ഞാൻ വിചാരിച്ചിട്ടില്ല. ലാലു മിടുക്കനായിരുന്നു. അവന്റെ അച്ഛൻ ലോ സെക്രട്ടറിയായിരുന്നു. ലാലുവും നിയമത്തിന്റെ വഴിയിൽ പഠനം തിരഞ്ഞെടുക്കുമെന്നാണ് ഞാൻ കരുതിയിരുന്നത്. അപ്പോഴാണ് തിരനോട്ടം എന്ന ചിത്രത്തിൽ അവൻ അഭിനയിക്കുന്നുവെന്നറിഞ്ഞത്. അവനെല്ലാം വഴങ്ങും. അവന്റെ മഞ്ഞിൽ വിരിഞ്ഞപ്പൂവ് എന്ന ചിത്രം കണ്ടപ്പോൾ ഞാനൊരുപാട് സന്തോഷിച്ചു. ആ സിനിമയുടെ ആദ്യ ഷോ തന്നെ കാണാൻ എനിക്ക് അവസരം ലഭിച്ചു.

നല്ലൊരു ക്ഷമയുളള വ്യക്തിയാണ് ലാലു. ഇന്ദ്രനും രാജുവിനും അതില്ല. എത്ര തിരക്കിലും പ്രേക്ഷകരോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും ക്ഷമയോടെ ചിരിച്ച് നിൽക്കാൻ അവന് കഴിയും. അത് നല്ലൊരു സ്വഭാവമാണ്. അവനെക്കുറിച്ച് പല മോശം കാര്യങ്ങൾ ചിലർ പറഞ്ഞുപരത്തുന്നുണ്ട്. അത് അവരുടെ സ്വഭാവം. ലാലുവിന്റെ സ്വഭാവത്തെക്കുറിച്ച് എനിക്ക് നന്നായി അറിയാം. അവന് കിട്ടിയ സ്ഥാനം വേറൊരു അഭിനേതാക്കൾക്കും കിട്ടിയിട്ടില്ല.കു​റ്റം പറയുന്നവർ അദ്ദേഹത്തിന്റെ വളർച്ചയിൽ അസൂയ ഉളളവരാണ്. എല്ലാം അവരുടെ സമീപനമാണ്'- മല്ലിക സുകുമാരൻ വ്യക്തമാക്കി