
ചർമ സംരക്ഷണത്തിൽ ഇന്ന് ഏറ്റവുമധികം ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നതാണ് കൊറിയൻ വിദ്യകൾ. ഇത് പരീക്ഷിച്ച് ഫലം കണ്ടവർ ഏറെയാണ്. അതിനാൽതന്നെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളത്തിൽ കൊറിയൻ ബ്രാൻഡുകളുടെ സൗന്ദര്യ സംരക്ഷണ വസ്‌തുക്കൾക്ക് ആവശ്യക്കാരേറെയാണ്. ഇതിൽ പലതിനും സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറം വിലയാണ്.
പ്രത്യേകിച്ച് വിദ്യാർത്ഥികൾക്ക് ഇതെല്ലാം വാങ്ങി പരീക്ഷിക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇങ്ങനെ കൊറിയൻ പ്രോഡക്‌ടുകൾ പരീക്ഷിക്കാൻ ആഗ്രഹമുണ്ടായിട്ടും കഴിയാത്തവർക്കായി ഒരു ഫേസ്‌പാക്ക് പരിചയപ്പെടാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഈ പാക്ക് പുരട്ടി ഉടൻതന്നെ ഫലം കാണുന്നതാണ്.
ആവശ്യമായ സാധനങ്ങൾ
കസ്‌കസ് - 2 ടീസ്‌പൂൺ
വെള്ളം - 1 ഗ്ലാസ്
പാൽ - അര ഗ്ലാസ്
അരിപ്പൊടി - 1 ടേബിൾസ്‌പൂൺ
തേൻ - 1 ടീസ്‌പൂൺ
തയ്യാറാക്കേണ്ട വിധം
കസ്‌കസ് വെള്ളത്തിലിട്ട് അഞ്ച് മിനിട്ട് വൈക്കുക. ശേഷം അരിച്ചെടുത്ത് മിക്‌സിയുടെ ജാറിലാക്കി പാലും അരിപ്പൊടിയും തേനും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇതിനെ 20 - 30 മിനിട്ട് ഫ്രിഡ്‌ജിൽ വയ്‌ക്കുക.
ഉപയോഗിക്കേണ്ട വിധം
ഫേസ്‌വാഷ് ഉപയോഗിച്ച് വൃത്തിയാക്കിയ മുഖത്തേക്ക് തണുപ്പിച്ച ഫേസ്‌പാക്ക് നല്ല കട്ടിയായി പുരട്ടിക്കൊടുക്കുക. ഇത് ഉണങ്ങാൻ ഏകദേശം ഒരു മണിക്കൂറോളം എടുക്കും. ശേഷം കഴുകി കളയാവുന്നതാണ്. ഒറ്റ ഉപയോഗത്തിൽ തന്നെ ഫലം കാണാം. ഫേസ്‌പാക്ക് ഉപയോഗിച്ച ശേഷം പുറത്തേക്ക് പോവുകയാണെങ്കിൽ സൺസ്‌ക്രീൻ ഉപയോഗിക്കാൻ മറക്കരുത്.