sweets

പാലക്കാട്: ദീപാവലി ആഘോഷത്തിന് മധുരം പകരാൻ മിഠായി വിപണി സജീവം. അജ്‌മേർ പേഡ, ബൂസ്റ്റ് ബർഫി, ഹോർലിക്സ് ബർഫി, മിൽക്ക് ബർഫി, കാജു ബർഫി തുടങ്ങിയ വൈവിധ്യങ്ങൾ ഇത്തവണത്തെ മധുര വിപണിയിലുണ്ട്. പ്രമുഖ ബേക്കറികളെല്ലാം ദീപാവലി സ്‌പെഷ്യൽ വിഭവങ്ങൾ വിപണിയിലിറക്കി കഴിഞ്ഞു. ഇതുകൂടാതെ ദീപാവലി സ്‌പെഷ്യൽ ഗിഫ്റ്റ് പാക്കറ്റുകളും തയാറായിക്കഴിഞ്ഞു. പേട കൊണ്ടുള്ള വിഭവങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ.

120 രൂപ വിലയുള്ള ദീപാവലി സ്‌പെഷൽ സ്വീറ്റ് പാക്കറ്റ് ഇറങ്ങിയിട്ടുണ്ട്. പാൽ, നെയ്യ് എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന പലഹാരങ്ങൾക്കാണ് വിപണിയിൽ പ്രിയം. സാധാരണ ബേക്കറി ഉൽപന്നങ്ങളുടെ വിൽപനയും ദീപാവലിയുടെ ഭാഗമായി വർദ്ധിച്ചിട്ടുണ്ട്. അഞ്ചിനം മധുര പലഹാരം ഉൾപ്പെടെ 25 ഇനം വരെയുള്ള പെട്ടികളാണ് നഗരത്തിൽ ഉൾപ്പെടെയുള്ള ബേക്കറികൾ തയാറാക്കിയിരിക്കുന്നത്.

സ്ട്രോബറി, പിസ്ത തുടങ്ങി വിവിധ രുചികളിൽ പേഡയും മറ്റു മിഠായികളും തയാറായിട്ടുണ്ട്. വൈവിധ്യമാർന്ന പേഡ നിറച്ച പെട്ടികളും പരമ്പരാഗത രീതിയിൽ ഹൽവ, മൈസൂർപാക്ക്, ജിലേബി, ലഡു, ലഡു മിക്സർ തുടങ്ങിയവ നിറച്ച പെട്ടികളും ലഭ്യമാണ്. ദീപാവലി വിഭവങ്ങളടങ്ങിയ 120, 240, 300 രൂപയുടെ ബോക്സുകൾ വരെയുണ്ട്. തമിഴ്നാട് ആസ്ഥാനമായുള്ള പ്രമുഖ ബേക്കറികൾ ഓഫറുകളുമായി രംഗത്തുണ്ട്. സാധാരണ സ്വീറ്റ്സുകൾക്കു പുറമെ സ്‌പെഷ്യൽ പാൽഗോവാ, പേഡ, ലഡ്ഡു എന്നിവയുടെ നിരവധി മോഡലുകളും വിപണിയിലുണ്ട്.

ഓൺലൈനുകളിൽ വ്യാപാരം നടക്കുമെങ്കിലും ദീപാവലിക്കാലത്ത് ബേക്കറികളിലെത്തി വാങ്ങുന്നവരുടെ എണ്ണത്തിന് കുറവില്ല. ബ്രാഹ്മണ അഗ്രഹാരങ്ങളിൽ ദീപാവലിക്കാലത്ത് വീടുകളിൽ സ്വന്തമായി സ്വീറ്റ്സ് ഉണ്ടാക്കുന്നവരുമേറെയാണ്. ബേക്കറികളിൽ എക്കാലത്തും മധുര പലഹാരങ്ങൾക്ക് ആവശ്യക്കാരേറെയാണെങ്കിലും ദീപാവലിക്കാലം മധുര വിപണികൾ പ്രതീക്ഷയുള്ള കാലമാണ്. മഹാനവമി കഴിഞ്ഞതോടെ ആഘോഷങ്ങളും സജീവമാകുന്ന വേളയിൽ ദീപാവലിയുമെത്തുന്നതോടെ മധുരപലഹാര വിപണിയിൽ മധുര പ്രതീക്ഷയിലാണ് വ്യാപാരികൾ.