
വർഷങ്ങളോളം പ്രണയത്തിലായിരുന്ന ഒരു രണ്ടുപേരെക്കുറിച്ച് ഓർത്ത് നോക്കൂ, ഇവർ തമ്മിൽ വേർപിരിഞ്ഞാൽ ആദ്യം കാണുന്ന വ്യത്യാസം പെൺകുട്ടി മുടി വെട്ടിയിരിക്കുന്നതായിരിക്കും. ഒരു പ്രേമം തകരുമ്പോൾ അഥവാ ബ്രേക്ക്‌അപ്പ് ആവുമ്പോൾ പെൺകുട്ടികൾ മുടിയുടെ നീളം കുറയ്ക്കുന്നതും മുടി മുഴുവനായി വെട്ടിക്കളയുന്നതും സെലിബ്രിറ്റികൾക്കിടയിൽവരെ സാധാരണമാവുകയാണ്. എന്തായിരിക്കും ഇതിന് കാരണം?
തന്റെ സ്വത്വത്തിന്റെ, വ്യക്തിത്വത്തിന്റെ, സ്വഭാവഗുണത്തിന്റെ ഒക്കെ ഭാഗമായാണ് പെൺകുട്ടികൾ തങ്ങളുടെ തലമുടിയെ കാണുന്നത്. മുടിയുമായി ഒരു ആത്മബന്ധം തന്നെ സ്ത്രീകൾക്കുണ്ട്. അതിനാലാണ് മാർക്കറ്റിൽ ഇത്രയധികം മുടി സംരക്ഷണ ഉത്‌പന്നങ്ങൾ ലഭ്യമാകുന്നത് തന്നെ. മുടി സംരക്ഷണത്തിന് വളരെ പ്രാധാന്യം നൽകുന്നരാണ് സ്ത്രീകൾ. പ്രണയം പൊട്ടുമ്പോൾ പെൺകുട്ടികൾ മുടി വെട്ടുന്നതിനെ 'ഡിവോഴ്‌സ് ഹെയർ', 'ബ്രേക്ക്‌അപ്പ് ഹെയർ' എന്നൊക്കെയുള്ള പേരുകളിലാണ് വിളിക്കുന്നത്.
നിയന്ത്രണം
പലപ്പോഴും ഒരു പ്രണയത്തകർച്ച സ്ത്രീകളെ ദുർബലരാക്കി മാറ്റുന്നു. കഴിഞ്ഞകാലത്തെ മാറ്റാൻ സാധിക്കില്ലെന്ന് എല്ലാവർക്കുമറിയാം.ബ്രേക്ക്‌അപ്പ് ആയിരിക്കുമ്പോൾ ഇനി എന്ത് എന്ന് ചിന്തിച്ചുതുടങ്ങുന്ന സമയത്തായിരിക്കും പലരും മുടി വെട്ടാൻ ആലോചിക്കുന്നത്. മറ്റൊന്നിനെയും മാറ്റാനോ നിയന്ത്രിക്കാനോ സാധിക്കില്ലെന്ന ബോദ്ധ്യത്തിലെത്തുമ്പോൾ വരുതിയിലാക്കാൻ കഴിയുന്നത് തന്നെത്തന്നെയും തന്റെ രൂപത്തെയും മാത്രമാണെന്ന് സ്ത്രീകൾ തിരിച്ചറിയുന്നു. അങ്ങനെ തന്നെതന്നെ തിരികെ പിടിക്കുന്ന, നിയന്ത്രണത്തിലാക്കുന്ന ഒരു പ്രതികരണ രീതിയാണ് മുടിവെട്ടൽ. നിങ്ങളുടെ ജീവിതത്തെയും നിങ്ങളെത്തന്നെയും തിരിച്ചുപിടിക്കാൻ കഴിയുമെന്ന പ്രഖ്യാപനമാണിത്.
മുന്നോട്ടുപോകുന്നുവെന്നതിന്റെ ആദ്യ ചുവടുവയ്പ്പ്
കഴിഞ്ഞകാലത്തെ ഉപേക്ഷിച്ച് പുതിയൊരു മാറ്റത്തിന് തുടക്കമിടുന്നതാണ് മുടിവെട്ടൽ. നിങ്ങളുടെ പുതിയൊരു രൂപത്തെ വാർത്തെടുക്കുന്നു. മുടി വെട്ടുന്നതും മുടിക്ക് നിറം നൽകുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. പങ്കാളി നിങ്ങളിൽ ഇഷ്ടപ്പെട്ടിരുന്ന ഒരു ഘടകം ഇടതൂർന്ന മുടിയായിരിക്കാം. ആ ഇഷ്ടത്തിന് ഇനി സ്ഥാനമില്ലെന്ന ഒരു ഓർമ്മിപ്പിക്കലും പ്രതിഷേധവും കൂടിയാണ് മുടി വെട്ടൽ.
പുനഃസജ്ജമാക്കൽ
പഴയ ഓർമ്മകളെയും ചിന്തികളെയും വലിച്ചെറിഞ്ഞ് പുതിയൊരു ജീവിതത്തിനായി നിങ്ങളെ തന്നെ സജ്ജമാക്കാൻ മിക്കപ്പോഴും ഒരു ഹെയർ കട്ട് സഹായിക്കും. മുടിവെട്ട് കഴിഞ്ഞ് ഹെയർ സലൂണിൽ നിന്ന് കൂടുതൽ പേരും ഭാരമൊഴിഞ്ഞ്, നവോന്മേഷത്തോടെയായിരിക്കും പുറത്തിറങ്ങുന്നത്. നിങ്ങളെ തന്നെ സ്വതന്ത്രയാക്കുകയാണ് മുടി വെട്ടലിലൂടെ.
പരമ്പരാഗത അടിച്ചേൽപ്പിക്കലുകളോടുള്ള വെല്ലുവിളി
ഇടതൂർന്ന നീണ്ട മുടിയാണ് സ്ത്രീകൾക്ക് അഴക് എന്നാണ് പലരും പറഞ്ഞ് വയ്ക്കുന്നത്. മിക്കവാറും മാതാപിതാക്കളും കാമുകന്മാരും ഭർത്താക്കന്മാരും തങ്ങളുടെ പങ്കാളികളെ മുടി മുറിക്കാൻ അനുവദിക്കാറില്ല. അതിനാൽ തന്നെ മുടി മുറിക്കുന്നത് സ്വതന്ത്രയാകുന്നതിന്റെ, ശക്തയാകുന്നതിന്റെ അടയാളമായും പലരും കാണുന്നു.