
ടീമുകളുടെ മോശം പ്രകടനവും ആഭ്യന്തര കലഹങ്ങളും മൂലം 3 പ്രമുഖ പരിശീലകർക്ക്
പണി പോയി...
ഇന്ത്യൻ വംശജരോട് വിവേചനം കാട്ടിയ
യു.എസ് ക്രിക്കറ്റ് ടീം കോച്ച്
സ്റ്റുവർട്ട് ലോയെ പുറത്താക്കി
ന്യൂയോർക്ക്: ഇന്ത്യൻ വംശജരോടുൾപ്പെടെ വിവേചനം കാട്ടുന്നുവെന്ന് താരങ്ങൾ ആരോപിച്ച യു.എസ് ക്രിക്കറ്റ് ടീം പരിശീലകൻ സ്റ്റുവർട്ട് ലോയെ പുറത്താക്കി. ഐ.സി.സി ക്രിക്കറ്റ് ലോകകപ്പ് ലീഗിൽ സ്കോട്ട്‌ലാൻഡിനെതിരെ യു.എസ്.എ 10 വിക്കറ്റിന്റെ വമ്പൻ തോൽവി വഴങ്ങിയതിന് പിന്നാലെയാണ് യു.എസ്.എ ക്രിക്കറ്ര് അസോസിയേഷൻ സ്റ്റുവർട്ട് ലോയെ പുറത്താക്കിയത്. തുടന്ന് നടന്ന മത്സരത്തിൽ നേപ്പാളിനെതിരെ യു.എസ്.എ 3 വിക്കറ്റിന്റെ ജയം നേടിയിരുന്നു. സ്റ്റുവട്ട് നൽകിയ സംഭവനകൾ വിലമതിക്കാനാകാത്തതാണെന്നും അദ്ദേഹം മാറ്രാനുള്ള തീരുമാനത്തിൽ ഏത്തുക എളുപ്പമല്ലായിരുന്നുവെന്നും യു.എസ്.എ ക്രിക്കറ്റ് സി.ഇ.ഒ ജോനാഥാൻ അറ്റ്കീസൺ പറഞ്ഞു. മുൻഓസ്ട്രേലിയൻ താരമായിരുന്നു ലോ കഴിഞ്ഞ ഏപ്രിലിലാണ് യു.എസ്.എയുടെ പരിശീലകനാകുന്നത്. അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ ട്വന്റി-20 ലോകകപ്പിന്റെ സൂപ്പർ 8 റൗണ്ടിലെത്തി യു.എസ്.എ ചരിത്രം കുറിച്ചിരുന്നു. ലോകകപ്പിന് ശേഷം നടന്ന നെതർലാൻഡ്‌സ് പര്യടനത്തിനിടെയാണ് ടീം ക്യാപ്ടൻ മോണക് പട്ടേൽ ഉൾപ്പടെയുള്ളവരുമായി ലോ ഇടയുന്നത്. മോനക് ഉൾപ്പെടെ 8 സീനിയർ താരങ്ങൾ കോച്ചിന്റെ അവഗണനയ്‌ക്കെതിരെ രംഗത്തുവന്നിരുന്നു.താരങ്ങളുടെ പരാതിയിൽ യു.എസ് ക്രിക്കറ്റ് അസോസിയേഷൻ അന്വേഷണം നടത്തിയിരുന്നു.
കിർസ്റ്റൻ പാക് ടീമിന്റെ
പരിശീലകസ്ഥാനം
ഒഴിഞ്ഞു
കറാച്ചി: രണ്ട ് വർഷത്തെ കരാറിൽ പാകിസ്ഥാന്റെ ട്വന്റി-20, ഏകദിന ടീമുകളുടെ പരിശീലകസ്ഥാനം ഏറ്റെടുത്ത മുൻ ദക്ഷിണാഫ്രിക്കൻ താരം ഗാരി കിർസ്റ്റൻ ആറ് മാസമായപ്പോഴെ രാജിവച്ചു. താരങ്ങളുമായുള്ള അഭിപ്രായ ഭിന്നതയ്ക്കു പുറമേ, ഡേവിഡ് റെയ്ഡിനെ ഹൈ പെർഫോമൻസ് കോച്ചായി നിയമിക്കണമെന്നുള്ള തന്റെ ആവശ്യം പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) നിരസിച്ചതും കിർസ്റ്രന്റെ രാജിയിലേക്ക് നയിച്ചുവന്നാണ് വിവരം. പാകിസ്ഥാൻ ടീം ഓസ്ട്രേലിയൻ പര്യടനത്തിനായി പുറപ്പെടാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് കിർസ്റ്റന്റെ രാജി. ടെസ്റ്റ് ടീം പരിശീലകൻ ജേസൺ ഗില്ലസ്പിയെ വൈറ്റ് ബാൾ ടീമിന്റെ താത്കാലിക പരിശീലകനായി പി.സി.ബി നിയമിച്ചിട്ടുണ്ട്.
സ്ഥാനമൊഴിഞ്ഞ ബാബർ അസമിന് പകരം മുഹമ്മദ് റിസ്വാനെ ക്യാപ്ടനാക്കി ഓസ്ട്രേലിയ, സിംബാബ്വെ പര്യടനങ്ങൾക്കുള്ള ടീമിനെ പി.സി.ബി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയെ 2011ലെ ഏകദിന ലോകകപ്പിൽ ചാമ്പ്യന്മാരാക്കിയ പരിശീലകനാണ് കിർസ്റ്റൻ.
ടെൻ ഹാഗിനോട് ബൈ
പറഞ്ഞ് യുണൈറ്റഡ്
ലണ്ടൻ: ടീമിന്റെ സമീപകാലത്തെ മോശം പ്രകടനത്തെ തുടർന്ന് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലക സ്ഥാനത്ത് നിന്ന് എറിക് ടെൻ ഹാഗിനെ പുറത്താക്കി. മുൻതാരം റൂഡ് വാൻ നിസ്റ്റൽ റൂയിയെ ടീമിന്റെ താത്കാലിക പരിശീലകനായി നിമിച്ചതായി ക്ലബ് അധികൃതർ അറിയിച്ചു. പ്രിമിയർ ലീഗിൽ വെസ്റ്റ് ഹാമിനെതിരായ തോൽവിക്ക് പിന്നാലെയാണ് ടെൻ ഹാഗിന്റെ സ്ഥാനം നഷ്ടമായത്. ഇ.പി.എല്ലിൽ ഈ സീസണിൽ കളിച്ച 9 മത്സരങ്ങളിൽ 3 എണ്ണത്തിൽ മാത്രമേ യുണൈറ്റഡിന് ജയിക്കാനായുള്ളൂ. 11 പോയിന്റുമായി 14-ാം സ്ഥാനത്താണ് ക്ലബ്. യൂറോപ്പ ലീഗിൽ ഈ സീസണിൽ ഒരു ജയം പോലും നേടാനും ടീമിനായിട്ടില്ല.