terrorist

ശ്രീനഗർ: ജമ്മു കാശ്മീരിൽ സൈന്യത്തിന്റെ വാഹങ്ങൾക്ക് നേരെ വീണ്ടും ഭീകരാക്രമണം. ഇന്നലെ അഖ്നൂർ നഗരത്തിലെ ജോഗ്‌വാൻ മേഖലയിലാണ് വെടിവയ്‌പുണ്ടായത്. അഞ്ച് സൈനികർക്ക് പരിക്കേറ്റു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചതായി സൈനികവൃത്തങ്ങൾ അറിയിച്ചു. ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു. ഏറ്റുമുട്ടൽ തുടരുകയാണ്.

ഇന്നലെ രാവിലെ 7.30ന് മൂന്ന് ഭീകരർ സൈന്യത്തിന്റെ വാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ജോഗ്‌വാനിലെ ശിവാസൻ ക്ഷേത്രത്തിനു സമീപമാണ് സംഭവം. സുരക്ഷാ സേന ഉടൻ പ്രദേശം വളയുകയും തിരിച്ചടിക്കുകയും ചെയ്തു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ജമ്മു മേഖലയിൽ വിപുലമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനിടെയാണ് സംഭവം.

കഴിഞ്ഞ വെള്ളിയാഴ്ച ബാരാമുള്ളയിലെ ഗുൽമാർഗിൽ ഭീകരരുടെ വെടിവയ്പിൽ മൂന്നു സൈനികർ വീരമൃത്യു വരിച്ചിരുന്നു. രണ്ടു പോർട്ടർമാരും കൊല്ലപ്പെട്ടു. ഒരാഴ്ചക്കിടെ അഞ്ചാമത്തെ ആക്രമണമാണിത്.