p

2024 ലെ നീറ്റ് പി.ജി മെഡിക്കൽ കൗൺസലിംഗ് അനിശ്ചിതമായി വൈകുന്നു. ഇതുമായി ബന്ധപ്പെട്ട് 19 വിദ്യാർത്ഥികൾ നൽകിയ കേസ് തുടരെ നീട്ടിവച്ചുള്ള ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നീക്കം വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും വ്യാകുലപ്പെടുത്തുന്നു. കേസ് പരിഗണിക്കുന്നത് നവംബർ 19 ലേക്ക് മാറ്റിയത്, ഈ വർഷത്തെ പ്രവേശന നടപടികൾ അനന്തമായി നീളും എന്ന് വ്യക്തമാക്കുന്നു. ആഗസ്റ്റ് 11നു രണ്ടു ഷിഫ്റ്റുകളിലായി രാവിലെയും വൈകിട്ടുമായാണ് പരീക്ഷ നടന്നത്. പരീക്ഷയിലെ വിഷമം പിടിച്ച ചോദ്യങ്ങളുമായി ബന്ധപ്പെട്ട നോർമലൈസേഷൻ പ്രക്രിയയുമായി ബന്ധപ്പെട്ടാണ് പരാതി നിലവിലുള്ളത്. മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി ആദ്യ റൗണ്ട് കൗൺസലിംഗ് രജിസ്‌ട്രേഷൻ പൂർത്തിയാക്കിയെങ്കിലും കൗൺസലിംഗ് ഷെഡ്യൂൾ അനന്തമായി നീളുന്നു.

രാജ്യത്തെ മെഡിക്കൽ കോളേജുകളിലേക്കുള്ള മൂന്ന് വർഷ എം.ഡി, എം.എസ് പ്രോഗ്രാമുകളിലേക്കും തിരഞ്ഞെടുത്ത ആശുപത്രികളിലെ ഡി.എൻ.ബി പ്രോഗ്രാമുകളിലേക്കും പ്രവേശനം നീറ്റ് പി.ജി റാങ്ക് ലിസ്റ്റിൽ നിന്നാണ്. 26168 എം.ഡി, 13649 എം.എസ്, 922 ഡി.എൻ.ബി സീറ്റുകളിലേക്കാണ് കൗൺസിലിംഗ് പ്രക്രിയ നടക്കുക.

സ്‌ട്രേ റൗണ്ടടക്കം നാലു റൗണ്ട് കൗൺസലിംഗ് പ്രക്രിയകളുണ്ട്. 2023ൽ ഒക്ടോബറിൽ ക്ലാസുകൾ തുടങ്ങിയിരുന്നു. അഖിലേന്ത്യ തലത്തിലുള്ള എം.സി.സി.യുടെ കൗൺസലിംഗിനപ്പുറം സംസ്ഥാനതലത്തിലുള്ള കൗൺസലിംഗുമുണ്ട്‌. നവംബർ19 നു ശേഷം കൗൺസലിംഗ് ആരംഭിച്ചാൽ തന്നെ നാലു റൗണ്ട് കൗൺസലിംഗ് പൂർത്തിയാക്കി പ്രവേശനം നടത്തി ക്ലാസുകൾ തുടങ്ങാൻ ജനുവരി വരെ കാത്തിരിക്കേണ്ടി വരും.

കൗൺസലിംഗിന് ശേഷം പ്രവേശനം ലഭിക്കാൻ സാദ്ധ്യതയില്ലെങ്കിൽ അടുത്ത നീറ്റ് പി.ജി 2025നു തയ്യാറെടുക്കാൻ കാത്തിരിക്കുന്ന ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുണ്ട്. കൗൺസിലിംഗ് നടപടികൾക്ക് ശേഷം മുഴുവൻ സമയ കോച്ചിംഗിന് തയ്യാറെടുക്കുന്നവരുമുണ്ട്. മാത്രമല്ല പ്രവേശന നടപടികൾക്ക് ശേഷം ആറു മാസത്തിനുള്ളിൽ അടുത്ത പരീക്ഷയും നടക്കും. മികച്ച റാങ്കില്ലാത്ത, ഉയർന്ന ഫീസ് നൽകി പ്രവേശനത്തിന് ശ്രമിക്കുന്നവർക്ക് വീണ്ടും പരീക്ഷയെഴുതി റാങ്ക് മെച്ചപ്പെടുത്തിയാൽ കുറഞ്ഞ ഫീസിൽ മികച്ച കോളേജുകളിൽ പഠിക്കാൻ അവസരം ലഭിക്കും. പരീക്ഷ വീണ്ടും നടത്താനിടയുണ്ടോയെന്ന ആശങ്കയും നിലനിൽക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസാണ് പരീക്ഷ നടത്തിയത്.