
കൊച്ചി: മലയാളി വ്യവസായ സംരംഭകൻ എം. എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു റീട്ടെയിലിന്റെ പ്രാരംഭ ഓഹരി വില്‌പ്പനയ്ക്ക‌് അബുദാബി സെക്യൂരിറ്റി എക്സ്‌ചേഞ്ചിൽ ഇന്നലെ തുടക്കമായി. ഓഹരി ഒന്നിന് 1.94 മുതൽ 2.04 ദിർഹം വരെയാണ് വില. മൊത്തം ഓഹരി വില്‌പ്പനയിലൂടെ 12,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യ മണിക്കൂറുകളിൽ തന്നെ ഓഹരികൾക്ക് നൂറ് ശതമാനം സബ്സ്ക്രിപ്ഷനായി. അന്തിമ വില നവംബർ അഞ്ചിന് പ്രഖ്യാപിക്കും.
ഓഹരി വിൽപ്പനയ്‌ക്ക് ശേഷം ലുലു റീട്ടെയിൽ ഹോൾഡിംഗ്സിലെ എം. എ യൂസഫലിയുടെ കുടുംബത്തിന്റെ ഓഹരിപങ്കാളിത്തം 60 ശതമാനമാകും. നേരത്തെ ലുലു ഇന്റർനാഷണലിലെ 20 ശതമാനം ഓഹരികൾ അബുദാബി ഡെവലപ്പ്‌മെന്റൽ ഹോൾഡിംഗിന് വിറ്റിരുന്നു.
ചെറുകിട നിക്ഷേപകർക്ക് കുറഞ്ഞത് ആയിരം ഓഹരികൾ ഉറപ്പായും ലഭിക്കും. യു.എ.ഇയിൽ ഒരു സ്വകാര്യ കമ്പനി നടത്തുന്ന ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്‌പ്പനയാണ് ലുലുവിന്റേത്.