share

കൊച്ചി: അഞ്ച് ദിവസത്തെ വില്പന സമ്മർദ്ദത്തിന് ശേഷം ഇന്ത്യൻ ഓഹരികൾ ഇന്നലെ ശക്തമായി തിരിച്ചുകയറി. ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 602 പോയിന്റ് നേട്ടവുമായി 80,005.04ൽ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്‌റ്റി 158 പോയിന്റ് ഉയർന്ന് 24,492ൽ എത്തി. ബാങ്കിംഗ് മേഖലയിലെ ഓഹരികളാണ് മികച്ച മുന്നേറ്റം നടത്തിയത്. ലാഭമെടുപ്പിന് ശേഷം നിക്ഷേപകർ വീണ്ടും വിപണിയിൽ സജീവമായതാണ് നേട്ടമായത്. വിദേശ ഫണ്ടുകൾ കരുതലോടെയാണ് നീങ്ങിയതെങ്കിലും ആഭ്യന്തര നിക്ഷേപകർ വിപണിയിൽ വാങ്ങൽ ശക്തമാക്കി.

ഇറാനെതിരെ ഇസ്രയേൽ ആക്രമണം പരിമിതപ്പെടുത്തിയതും അമേരിക്കയിൽ പലിശ വർദ്ധന നടപടികൾ വേഗത്തിലാക്കുമെന്ന പ്രതീക്ഷകളും നിക്ഷേപകർക്ക് ആവേശം സൃഷ്‌ടിച്ചു. കഴിഞ്ഞ ദിവസം പുറത്തുവന്ന ഐ.സി.ഐ.സി.ഐ ബാങ്കിന്റെ പ്രവർത്തന റിപ്പോർട്ടാണ് ബാങ്കിംഗ് മേഖലയ്ക്ക് ഗുണമായത്. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില താഴ്‌ന്നതും ഗുണമായി,

ഐ.സി.ഐ.സി.ഐ ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എസ്.ബി.ഐ, ഇൻഫോസിസ് തുടങ്ങിയവയാണ് ഇന്നലെ മുന്നേറ്റത്തിന് നേതൃത്വം നൽകുന്നത്. പൊതുമേഖല ബാങ്കുകളായ ബാങ്ക് ഒഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് തുടങ്ങിയവയുടെ പ്രവർത്തന ഫലങ്ങളും അനുകൂലമായി.