khameni-israel

ടെഹ്റാൻ: പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ (85) ആരോഗ്യനില സംബന്ധിച്ച അഭ്യൂഹങ്ങൾ തള്ളി ഇറാൻ. അദ്ദേഹം ആരോഗ്യവാനാണെന്നും ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയെന്നും ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ഖമനേയി ഗുരുതര ക്യാൻസർ ബാധിതനാണെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ചില്ല.

ഖമനേയിക്ക് ആപത്ത് സംഭവിച്ചാൽ രണ്ടാമത്തെ മകൻ സയ്യദ് മൊജ്തബാ ഹുസൈനി ഖമനേയിയെ ( 55) പിൻഗാമിയായി ഇറാൻ സൈന്യം പ്രഖ്യാപിച്ചേക്കും. മൊജ്തബാ കഴിഞ്ഞ ദിവസം ടെഹ്‌റാനിൽ ഹമാസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഖമനേയിയ്ക്ക് പ്രോസ്റ്റേറ്റ് ക്യാൻസർ ഗുരുതര ഘട്ടത്തിലാണെന്നാണ് വിവരം. 2014ലും 2022ലും ശസ്ത്രക്രിയകൾക്ക് വിധേയനാക്കി. ആഴ്ചകളോളം അദ്ദേഹം പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു.

അതേ സമയം,​ ഇസ്രയേൽ വ്യോമാക്രമണത്തിനിടെ നാല് സൈനികരെ കൂടാതെ ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടെന്ന് ഇറാൻ അറിയിച്ചു.

എക്‌സ് അക്കൗണ്ട് പൂട്ടി

ഖമനേയിയുടെ ഹീബ്രു ഭാഷയിലുള്ള എക്‌സ് അക്കൗണ്ട് സസ്‌പെൻഡ് ചെയ്തു. ശനിയാഴ്ച ഇസ്രയേൽ ആക്രമണത്തിന് പിന്നാലെയാണ് ഖമനേയിയുടെ പേരിൽ ഹീബ്രു അക്കൗണ്ട് തുറന്നത്. ഇസ്രയേലിന് ഇറാന്റെ കരുത്ത് കാട്ടിക്കൊടുക്കുമെന്നടക്കമുള്ള പോസ്റ്റുകൾക്ക് പിന്നാലെയാണ് അക്കൗണ്ട് പൂട്ടിയത്. എക്സിന്റെ നിയമങ്ങൾ ലംഘിച്ചതാണ് കാരണം.