ten-hag

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലക സ്ഥാനത്ത് നിന്ന് എറിക് ടെന്‍ ഹാഗിനെ പുറത്താക്കി. പ്രീമിയര്‍ ലീഗ് സീസണില്‍ ക്ലബ്ബിന്റെ മോശം പ്രകടനത്തെത്തുടര്‍ന്നാണ് 54കാരനായ ഡച്ച് പരിശീലകനെ പുറത്താക്കിയത്. അസിസ്റ്റന്റ് കോച്ച് റൂഡ് വാന്‍ നിസ്റ്റല്‍റൂയ് ഇടക്കാല പരിശീലകനായി സ്ഥാനമേല്‍ക്കും. രണ്ടര വര്‍ഷത്തോളം റെഡ് ഡെവിള്‍സിനെ പരിശീലിപ്പിച്ചതിന് ശേഷമാണ് ടെന്‍ ഹാഗ് പുറത്തേക്ക് പോകുന്നത്.

വെസ്റ്റ്ഹാമിനോടും ടീം തോല്‍വി വഴങ്ങിയപ്പോള്‍ തന്നെ ടെന്‍ ഹാഗിന്റെ കസേര തെറിക്കുമെന്ന് ഉറപ്പായിരുന്നു. തിങ്കളാഴ്ച ചേര്‍ന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് പരിശീലകനെ മാറ്റാന്‍ തീരുമാനിച്ചത്. ഈ വര്‍ഷം മേയില്‍ എഫ്.എ കപ്പ് ജേതാക്കളായതിന് പിന്നാലെ യുണൈറ്റഡിന്റെ പരിശീലക സ്ഥാനത്തേക്ക് ടെന്‍ഹാഗിന് ഒരു വര്‍ഷം കൂടി നീട്ടി കരാര്‍ പുതുക്കി നല്‍കിയിരുന്നു. എന്നാല്‍ പ്രീമിയര്‍ ലീഗ് സീസണില്‍ ടീമിന്റെ ദയനീയ പ്രകടനം തിരിച്ചടിയായി.

ഇതുവരെ ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ വെറും മൂന്ന് ജയങ്ങള്‍ മാത്രമാണ് നേടാനായത്. രണ്ട് മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞപ്പോള്‍ നാലെണ്ണം തോറ്റ യുണൈറ്റഡ് പോയിന്റ് പട്ടികയില്‍ 14ാം സ്ഥാനത്താണ്. 36 ടീമുകളുള്ള യൂറോപ്പ ലീഗ് പട്ടികയില്‍ 21ാം സ്ഥാനത്ത് മാത്രമാണ് യുണൈറ്റഡ്. 2022ലെ സമ്മറിലാണ് ഡച്ചുകാരന്‍ ഓള്‍ഡ് ട്രാഫോര്‍ഡിലേക്ക് എത്തിയത്. ഈ സീസണില്‍ ഏറെ പ്രതീക്ഷ നല്‍കി ടീമിനെ മൂന്നാം സ്ഥാനത്ത് എത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീടുള്ള രണ്ട് സീസണുകളിലും ടീം താഴേക്ക് പോയി.

ടെന്‍ ഹാഗുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് പിന്നാലെയാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മടങ്ങിയെത്തിയതിന് ശേഷം വീണ്ടും ക്ലബ്ബ് വിട്ടത്. പുതിയ പരിശീലകനായി ടെന്‍ ഹാഗിന് പകരം ഇതിഹാസ സ്പാനിഷ് താരം സാവി എത്തുമെന്നാണ് അഭ്യൂഹങ്ങളുള്ളത്. മുന്‍ ബാഴ്‌സലോണ താരം കൂടിയായിരുന്ന സാവി കാറ്റലോണിയന്‍ ക്ലബ്ബിനെ പരിശീലിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ സാവി യുണൈറ്റഡിലേക്ക് വരുന്നത് സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ല.