ff

ടെൽ അവീവ്: ഗാസയിൽ രണ്ട് ദിവസത്തെ വെടിനിറുത്തലിനുള്ള നിർദ്ദേശം അവതരിപ്പിച്ച് ഈജിപ്റ്റ്. ഗാസയിൽ മരണം 43,000 കടന്ന സാഹചര്യത്തിൽ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫത്താഹ് അൽ - സിസിയാണ് നിർദ്ദേശം പ്രഖ്യാപിച്ചത്. നിർദ്ദേശം നടപ്പായാൽ 10 ദിവസത്തിനകം സ്ഥിര വെടിനിറുത്തൽ കരാറിലെത്തണമെന്നും അൽ - സിസി പറ‌ഞ്ഞു. ഇസ്രയേലോ ഹമാസോ പ്രതികരിച്ചിട്ടില്ല. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് കരാറിനോട് താത്പര്യമില്ലെന്നാണ് സൂചന.

ഇസ്രയേലിനും ഹമാസിനുമിടെയിൽ മദ്ധ്യസ്ഥ ചർച്ചകൾ നടത്തുന്നത് ഈജിപ്റ്റ് അടക്കമുള്ള രാജ്യങ്ങളാണ്. അതേ സമയം, ഖത്തറിലെ ദോഹയിൽ ആരംഭിച്ച വെടിനിറുത്തൽ ചർച്ചയിൽ മൊസാദ്,​ സി.ഐ.എ തലവൻമാർ പങ്കെടുക്കുന്നുണ്ട്.

 ഹമാസ് അംഗങ്ങളെ പിടികൂടി

വടക്കൻ ഗാസയിലെ ബെയ്റ്റ് ലാഹിയയിലുള്ള കമാൽ അദ്‌വാൻ ആശുപത്രിയിൽ നടത്തിയ റെയ്ഡിനിടെ ഹമാസ് അംഗങ്ങളെന്ന് കരുതുന്ന 100 ഓളം പേരെ പിടികൂടിയെന്ന് ഇസ്രയേൽ സൈന്യം. ഇസ്രയേലിന്റെ വാദം ഹമാസ് തള്ളി. വെള്ളിയാഴ്ചയാണ് സൈന്യം ആശുപത്രിയിൽ റെയ്ഡ് തുടങ്ങിയത്. തൊട്ടടുത്ത ദിവസം പിൻവാങ്ങി.

ആശുപത്രിക്കുള്ളിൽ ആയുധങ്ങളും ഇന്റലിജൻസ് രേഖകളും കണ്ടെത്തി. ഹമാസ് അംഗങ്ങളിൽ ചിലർ ആരോഗ്യ പ്രവർത്തകരുടെ വേഷത്തിലാണ് ആശുപത്രിയിലുണ്ടായിരുന്നതെന്നും ഇസ്രയേൽ പറയുന്നു. ഗാസയിലെ ആശുപത്രികളെ ഹമാസ് കമാൻഡ് സെന്ററായി ഉപയോഗിക്കുന്നു എന്നാണ് ഇസ്രയേലിന്റെ ആരോപണം.

 ഹ്രസ്വ ഉടമ്പടി

1. രണ്ട് ദിവസം സമ്പൂർണ വെടിനിറുത്തൽ

2. ഹമാസ് 4 ബന്ദികളെ മോചിപ്പിക്കണം

3. ഏതാനും പാലസ്തീനിയൻ തടവുകാരെ ഇസ്രയേലും മോചിപ്പിക്കണം

-------------------------

 43,000 - ഗാസയിൽ കൊല്ലപ്പെട്ട പാലസ്തീനികൾ

 32 - ഇന്നലെ മാത്രം ഗാസയിൽ കൊല്ലപ്പെട്ടവർ

 1,00,000 - ഇസ്രയേൽ ആക്രമണം മൂലം വടക്കൻ ഗാസയിലെ ജബലിയ, ബെയ്റ്റ് ലാഹിയ, ബെയ്റ്റ് ഹനൂൻ എന്നിവിടങ്ങളിൽ ഭക്ഷണമോ മരുന്നോ ഇല്ലാതെ കുടുങ്ങിക്കിടക്കുന്നവർ