sai-pallavi

നിവിൻപോളിയുടെ സൂപ്പർ ഹിറ്റ് ചിത്രമായ പ്രേമത്തിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ നടിയാണ് സായ് പല്ലവി. താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെയാണ്. ശിവകാർത്തികേയൻ നായകനാകുന്ന 'അമരൻ' എന്ന ചിത്രമാണ് സായി പല്ലവിയുടേതായി റിലീസിനൊരുങ്ങുന്നത്. ഈ മാസം 31നാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്.

ഇതിന്റെ പ്രമോഷന് വിവിധ സ്ഥലങ്ങളിൽ നടി എത്തിയിരുന്നു. അക്കുട്ടത്തിൽ കഴിഞ്ഞ ദിവസം കൊച്ചിയിലെ ലുലുമാളിലും സായ് പല്ലവി എത്തി. ഈ സമയത്ത് നടി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. മലയാളം സംസാരിക്കാൻ പേടിയാണെന്നാണ് സായ് പല്ലവി പറഞ്ഞത്.

'മലയാളത്തിൽ സംസാരിക്കാൻ എനിക്ക് പേടിയാണ്. പെർഫക്ട് ആക്കേണ്ടതുണ്ടെന്ന് എപ്പോഴും തോന്നിയിട്ടുണ്ട്. തെറ്റ് പറഞ്ഞാൽ അത് മലയാളികൾക്ക് വിഷമമാവുമോ എന്ന ഭയമാണ്. നിങ്ങൾ എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്. ഞായറാഴ്ച ആയിട്ടും ഇത്രയും ആളുകൾ ഇവിടെ എത്തി. അമരൻ സിനിമയിൽ തന്റെ കഥാപാത്രം തമിഴ് സംസാരിക്കുന്ന മലയാളി പെൺകുട്ടിയാണ്. അത് കൃത്യമായി അവതരിപ്പിക്കാൻ 30 ദിവസമെടുത്തു. സിനിമ എല്ലാവരും തിയേറ്ററിൽ പോയി കാണണം',- നടി വ്യക്തമാക്കി.

ശിവകാർത്തികേയനെ നായകനാക്കി രാജ്‌കുമാർ പെരിയസ്വാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് അമരൻ. മേജർ മുകുന്ദ് വരദരാജായി ആയാണ് ശിവകാർത്തികേയൻ എത്തുന്നത്. സായ് പല്ലവിയുടെ സഹോദരന്റെ വേഷത്തിൽ പ്രേമലുവിലുടെ ശ്രദ്ധേയനായ ശ്യാം മോഹൻ എത്തുന്നു. കമൽഹാസന്റെ രാജ് കമൽ ഫിലിംസാണ് നിർമ്മാണം.