
കൊല്ലം :ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്ത് ഒളിവിൽ പോയ പ്രതികൾ പിടിയിൽ. മയ്യനാട് നടുവിലക്കര സിംല മൻസിലിൽ സുൽഫി (35), പോളയത്തോട് തെക്കേവിള എ.ആർ.എ നഗർ 4ൽ സോമവിലാസത്തിൽ ഡോൺ ബോസ്കോ (47) എന്നിവരാണ് കണ്ണനല്ലൂർ, പോളയത്തോട് ഭാഗങ്ങളിൽ നിന്ന് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.
2022 ൽ ആണ് പോളയത്തോടുള്ള ഫെഡറൽ ബാങ്കിന്റെ ബ്രാഞ്ചിൽ മുക്കുപണ്ടം പണയം വെച്ചത്. മുക്കുപണ്ടമാണെന്ന് ബാങ്ക് ജീവനക്കാർ മനസിലാക്കിയത് കഴിഞ്ഞ വർഷമാണ്. തുsർന്ന് പൊലീസിൽ പരാതി നൽകി. സുൽഫിക്ക് കൊട്ടിയം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഭാര്യ ശ്രുതിയെക്കൊണ്ടും മറ്റു പല സുഹൃത്തുക്കളെ കൊണ്ടും മുക്കുപണ്ടം പണയം വയ്പ്പിച്ചതിന് കേസുണ്ട്. ചന്ദനം മോഷ്ടിച്ചതിന് ഇരവിപുരം പൊലീസ് സ്റ്റേഷനിൽ കേസുണ്ടായിരുന്നു. ഈസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുമേഷ്, ഷബ്നം, സി.പി.ഒമാരായ അജയകുമാർ, അനു ആർ.നാഥ്, ഷെഫീക്ക്, ഷൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു.