beom-

റിയാദ് : സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ സ്വപ്ന പദ്ധതിയായ നിയോമിന്റെ ഭാഗമായ സിന്ദാല ദ്വീപ് സന്ദർശകർക്കായി തുറന്നു കൊടുത്തു,​ 2022 ഡിസംബറിൽ മുഹമ്മദ് ബിൻ സൽമാൻ നിയോമിന്റെ ഭാഗമായി ആദ്യമായി പ്രഖ്യാപിച്ച പദ്ധതിയാണ് സിന്ദാല. ആഗോള ആഡംബര വിനോദ സഞ്ചാരകേന്ദ്രമായാണ് സിന്ദാല ദ്വീപ് വിഭാവനം ചെയ്തിരിക്കുന്നത്. യൂറോപ്പിലും അമേരിക്കയിലും നിന്നുമടക്കം നിരവധി സഞ്ചാരികളെയാമ് നിയോം ഡയറക്ടർ ബോർഡ് പ്രതീക്ഷിക്കുന്നത്.

ചെങ്കടലിൽ 840000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് സിന്ദാല ദ്വീപ് സ്ഥിതി ചെയ്യുന്നത്. നിയോമിന്റെ ഗേറ്റ് വേ ആയി സിന്ദാല മാറുമെന്നാണ് വിലയിരുത്തൽ. മെഡിറ്ററേനിയൻ തീരങ്ങളിൽ നിന്ന് യൂറോപ്യൻ യാട്ട് ഉടമകൾക്ക് സിന്ദാല ദ്വീപ് വഴി ഗൾഫ് മേഖലയിലേക്ക് പ്രവേശിക്കാം. 2028ഓടെ പ്രതിദിനം 2400 അതിഥികളെ സ്വീകരിക്കാൻ കഴിയുന്ന തരത്തിലാണ് സിന്ദാല നിർമ്മിച്ചിരിക്കുന്നത്. 3500ലേറെ തൊഴിലവസരങ്ങൾ രാജ്യത്തിന്റെ ഹോസ്പിറ്റാലിറ്റി,​ ടൂറിസം മേഖലയിൽ സിന്ദാല ദ്വീപിലൂടെ സൃഷ്ടിക്കുമെന്നുംല നിയോം ബോർഡ് പ്രതീക്ഷിക്കുന്നു. യാട്ട് ക്ലബിന് പുറമേ 440 മുറികൾ,​ 88 വില്ലകൾ,​ 218 ആഡംബര സർവീസ് അപ്പാർട്ട്‌മെന്റുകൾ എന്നിവയാണ് താമസ സൗകര്യത്തിന് വേണ്ടി തയ്യാറാക്കിയിരിക്കുന്നത്. ബുക്കിംഗ് വഴിയായിരിക്കും ദ്വീപിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുക. ബുക്കിംഗ് വിവരങ്ങൾ നിയോമിന്റെ ടൂറിസം മേഖലാ ചാനലുകൾ വഴി ഉടൻ ലഭ്യമാക്കും. നാല് പ്രാദേശിക കരാർ കമ്പനികൾക്കും 60 വരെ സബ് കോൺട്രാക്ടർമാർക്കും കീഴിലായി 30000 ത്തോളം തൊഴിലാളികാണ് സിന്ദാലയുടെ നിർമ്മാണത്തിന് പിന്നില്‍ പ്രവർത്തിച്ചത്.

രാജ്യത്തെ വികസിതമല്ലാത്ത പ്രദേശത്തെ ഒരു ഹൈടെക് സംസ്ഥാനമാക്കി മാറ്റാനുള്ള മുഹമ്മദ് രാജകുമാരന്റെ സ്വപ്നമാണ് നിയോം പദ്ധതിയിലൂടെ യാഥാർത്ഥ്യമാവുന്നത്. തൊഴിലാളികൾ മുതൽ ശതകോടീശ്വരൻമാരെ വരെ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു സുസ്ഥിര ആധുനിക നഗരത്തെ നിർമിക്കുന്നതായിരിക്കും പദ്ധതിയെന്ന് നിയോം ഡയറക്ടർ ബോർഡ് നേരത്തെ അറിയിച്ചിരുന്നു.