adani

മുംബയ്: 3204 കോടി രൂപ ചെലവില്‍ മറ്റൊരു വമ്പന്‍ ഏറ്റെടുക്കല്‍ കൂടി നടത്തിയിരിക്കുകയാണ് വ്യവസായ പ്രമുഖന്‍ അദാനി. ഇന്ത്യയിലെ ഐടിഡി സിമന്റേഷന്‍ എന്ന കമ്പനിയുടെ 46.64 ശതമാനം ഓഹരികളാണ് വന്‍ തുക മുടക്കി അദാനിയുടെ നേതൃത്വത്തിലുള്ള ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റിന്യൂ എക്‌സിം ഡിഎംസിസി ഏറ്റെടുത്തിരിക്കുന്നത്. എഞ്ചിനീയറിങ്, നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഐടിഡി സിമന്റേഷന്‍. നിര്‍മാണ മേഖലയില്‍ ആധിപത്യം ഉറപ്പിക്കുകയെന്ന അദാനിയുടെ ലക്ഷ്യമാണ് ഏറ്റെടുക്കലിന് പിന്നില്‍.

ഒരു ഓഹരിക്ക് 400 രൂപ എന്ന നിരക്കിലാണ് കമ്പനിയുടെ 46.64 ശതമാനം ഓഹരികള്‍ അദാനി സ്വന്തമാക്കിയിരിക്കുന്നത്. കമ്പനിയുടെ 77 ശതമാനം ഓഹരികള്‍ സ്വന്തമാക്കുകയെന്നതാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഇതിന് ശേഷം അവശേഷിക്കുന്ന ഓഹരികള്‍ ചെറിയ നിക്ഷേപകരില്‍ നിന്ന് വാങ്ങാനാണ് പദ്ധതി. ഇപ്പോഴത്തെ വിപണി മൂല്യത്തില്‍ 571 രൂപയാണ് നിരക്ക് വരിക. അതേസമയം, അദാനി കമ്പനിയുടെ ഭൂിരിഭാഗം ഓഹരികളും വാങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ ഓഹരി വില 7 ശതമാനത്തിലധികം ഇടിഞ്ഞു.

ഓഹരി വിപണിയിലെ പുതിയ വില 491 രൂപയാണ്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിന്യൂ എക്‌സിം ഡിഎംസിസി എന്ന കമ്പനിയെ നിര്‍മ്മാണ മേഖലയിലും എഞ്ചിനീയറിംഗ് രംഗത്തും ശക്തിപ്പെടുത്തുകയാണ് ഏറ്റെടുക്കലിലൂടെ അദാനി ലക്ഷ്യമിടുന്നത്. ഏകദേശം 90 വര്‍ഷത്തെ ചരിത്രമുള്ള കമ്പനിയാണ് ഐടിഡി സിമന്റേഷന്‍. വിമാനത്താവളങ്ങള്‍, ജലവൈദ്യുതപദ്ധതികള്‍, ഹൈവേ, പാലം എന്നിവയുടെ നിര്‍മ്മാണ രംഗത്ത് സജീവമാണ് കമ്പനി.