vld-1

വെള്ളറട: വെള്ളറടയിൽ ബൈക്കിടിച്ച് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാതെ ഉപേക്ഷിച്ചുകടന്ന യുവാവ് പിടിയിലായി. വെള്ളറട കോവില്ലൂർ മീതിസതി ഭവനിൽ അതുൽദേവ് (22) ആണ് വെള്ളറട പൊലീസിന്റെ പിടിയിലായത്. സംഭവം നടന്നത് സെപ്തംബർ 10നാണ്. വെള്ളറട കലിങ്കുനടയിൽ ഒറ്റക്കു താമസിക്കുകയായിരുന്ന സുരേഷ് ബാബു (51) രാത്രി 11ഓടെ വീട്ടിൽ നിന്നുമിറങ്ങി റോഡ് ക്രോസ് ചെയ്യുന്നതിനിടയിലാണ് ബൈക്കിടിച്ച് പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വീട്ടിനുള്ളിൽ കയറ്റിക്കിടത്തി. പുലർച്ചെ സുഹൃത്ത് പണിക്കുപോകുകയും ചെയ്തു. നാലു ദിവസം കഴിഞ്ഞ് വീട്ടിൽ നിന്നു അസഹ്യമായ ദുർഗന്ധം പുറത്തുവന്നതിനെ തുടർന്ന് നാട്ടുകാർ വെള്ളറട പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് സുരേഷ് ബാബു മരിച്ചതായി കണ്ടത്. സമീപത്തെ സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് സുരേഷ് റോഡ് മുറിച്ചു കടക്കുന്നതും ബൈക്ക് ഇടിച്ചിടുന്നതും കണ്ടത്. ബൈക്കിന്റെ നമ്പർ വ്യക്തമല്ലാത്തതിനെ തുടർന്ന് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. സുരേഷിനോടൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഏതാനും ആഴ്ചകൾക്കുമുമ്പ് പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇയാളാണ് വീട്ടിനുള്ളിൽ കയറ്റി കിടത്തിയതെന്നും മൊഴി നൽകി. ബൈക്കിടിച്ചവരെ കണ്ടെത്തുന്നതിനുവേണ്ടി വെള്ളറട സി.ഐ വി.പ്രസാദ്,​ എസ്.ഐ റസൽ രാജ്, എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടക്കവേയാണ് അതുൽദേവും സുഹൃത്ത് കാരമൂട് സ്വദേശി വിപിനും സഞ്ചരിച്ചിരുന്ന ബൈക്കാണ് ഇടിച്ചതെന്ന് കണ്ടെത്തിയത്. ഇരുവരെയും ഇന്നലെ രാവിലെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തശേഷമാണ് ബൈക്ക് ഓടിച്ചിരുന്ന അതുൽദേവിനെ അറസ്റ്റുചെയ്തത്.