-rupa

നെടുമ്പാശേരി: കുന്നുകരയിൽ രണ്ട് കേസുകളിലായി 500 രൂപയുടെ 21 വ്യാജ കറൻസികൾ ചെങ്ങമനാട് പൊലീസ് പിടികൂടി. ശനിയാഴ്ച 11 വ്യാജകറൻസി കണ്ടെത്തിയ കേസിൽ കുന്നുകര വയൽക്കര പ്ലാച്ചേരി ശ്രീനാഥ് (32) പൊലീസ് പിടിയിലായി. ഇന്നലെ 10 വ്യാജ കറൻസി കണ്ടെത്തിയ കേസിലെ പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല.

ശനിയാഴ്‌ച കുന്നുകര സഹകരണബാങ്കിൽ സ്വന്തം അക്കൗണ്ടിലേക്ക് നിക്ഷേപിക്കാനാണ് ഇയാൾ കറൻസിയുമായെത്തിയത്. ബാങ്ക് അധികൃതർക്ക് സംശയം തോന്നിയതിനെത്തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. നോട്ടിൽ ഗാന്ധിജിയുടെ ചിത്രം, സെക്യൂരിറ്റി ത്രെഡ് എന്നിവ ഉണ്ടായിരുന്നില്ല. ശ്രീനാഥിനെ പിന്നീട് ഗോതുരുത്തിൽനിന്ന് പിടികൂടി. ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലോട്ടറി വില്പനക്കാരനാണ്. നോട്ടുകൾ ലഭിച്ചതിനെക്കുറിച്ച് പരസ്പ‌രബന്ധമില്ലാത്ത കാര്യങ്ങളാണ് ഇയാൾ പറയുന്നത്.

ഇന്നലെ ചാലായ്ക്ക ഗവ. എൽ.പി സ്‌കൂളിനടുത്ത് ആളൊഴിഞ്ഞ റോഡിൽനിന്നാണ് പത്ത് 500രൂപയുടെ വ്യാജ കറൻസികൾ കണ്ടെത്തിയത്. ചെങ്ങമനാട് സി.ഐ സോണി മത്തായിയുടെ നേതൃത്വത്തിൽ അന്വേഷണം വ്യാപിപ്പിച്ചു.