jail-

തലശേരി: സി.പി.എം പ്രവർത്തകൻ എരുവട്ടി കോമ്പിലെ സി.അഷറഫിനെ വെട്ടിക്കൊന്ന കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരായ 4 പ്രതികൾക്ക് തലശേരി അഡീഷണൽ സെഷൻസ് കോടതി (4) ജഡ്ജി ജെ.വിമൽ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു. രണ്ടുപേരെ വെറുതേവിട്ടു.

ഒന്നു മുതൽ നാലു വരെയുള്ള പ്രതികളായ എരുവട്ടി പുത്തൻകണ്ടം പ്രനൂബ നിവാസിൽ എം.പ്രനു ബാബു എന്ന കുട്ടൻ (34), മാവിലായി ദാസൻമുക്ക് ആർ.വി.നിവാസിൽ ആർ.വി.നിധീഷ് എന്ന ടുട്ടു (36), എരുവട്ടി പാനുണ്ട മണക്കടവത്ത് ഹൗസിൽ വി.ഷിജിൽ എന്ന ഷീജൂട്ടൻ (35), പാനുണ്ട ചക്യത്തുകാവിനടുത്ത ചിത്രമഠത്തിൽ കെ.ഉജേഷ് എന്ന ഉജി (34) എന്നിവരെയാണ് ശിക്ഷിച്ചത്.

പാതിരിയാട് കീഴത്തൂർ കോമത്ത് ഹൗസിൽ എം.ആർ.ശ്രീജിത്ത് എന്ന കൊത്തൻ (39), പാതിരിയാട് കുഴിയിൽപീടിക ബിനീഷ് നിവാസിൽ പി.ബിനീഷ് (48) എന്നിവരെയാണ് വെറുതെ വിട്ടത്. ഏഴും എട്ടും പ്രതികളായ എരുവട്ടി പുത്തൻകണ്ടം ഷിജിൻ നിവാസിൽ മാറോളി ഷിജിൻ, കണ്ടംകുന്ന് നീർവേലി തട്ടുപറമ്പ് റോഡ് സൗമ്യ നിവാസിൽ എൻ.പി.സുജിത്ത് (29) എന്നിവർ വിചാരണയ്ക്ക് മുൻപ് മരിച്ചിരുന്നു.

2011 മെയ് 19ന് രാവിലെ 9.30ന് കാപ്പുമ്മൽ സുബേദാർ റോഡിൽ മത്സ്യവില്പനയ്ക്കിടെയാണ് അഷറഫിനെ പ്രതികൾ കൊലപ്പെടുത്തിയത്. രാഷ്ട്രീയ വിരോധം കാരണം ആർ.എസ്.എസ് ബി.ജെ.പി പ്രവർത്തകർ സംഘം ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. ശരീരമാസകലം വെട്ടേറ്റ് ഗുരുതര പരിക്കേറ്റ അഷറഫ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 21ന് പുലർച്ചെ 3 50നാണ് മരിച്ചത്.

കൂത്തുപറമ്പ് സി.ഐ ആയിരുന്ന കെ.വി.വേണുഗോപാലനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യുഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സി.കെ. ശ്രീധരൻ ഹാജരായി.