airhostess

ബാങ്കോക്ക്: വിമാനക്കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതി വഞ്ചിച്ചത് നിരവധി ചെറുപ്പക്കാരെ. ഇത്തരത്തില്‍ 1.77 കോടി രൂപയാണ് തട്ടിയെടുത്തത്. പണം കൈക്കലാക്കിയ യുവതി പിടിക്കപ്പെടാതിരിക്കാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് മുഖത്തിന്റെ ആകൃതി മാറ്റുകയും തായ്‌ലാന്‍ഡിലേക്ക് കടക്കുകയും ചെയ്തു. 30കാരിയായ ചൈനീസ് യുവതി ഒടുവില്‍ ബാങ്കോക്കിലെ ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലാകുകയായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി യുവതി ഇവിടെ ഒളിച്ച് താമസിക്കുകയായിരുന്നു.

അയല്‍വാസികള്‍ക്ക് തോന്നിയ സംശയമാണ് ഷി എന്ന ചൈനക്കാരിക്ക് വിനയായത്. സ്ഥിരമായി മുഖം മറച്ച് മാത്രം പ്രത്യക്ഷപ്പെടുന്ന ഇവര്‍ അയല്‍ക്കാരുമായി പോലും സംസാരിച്ചിരുന്നില്ല. ഇതോടെയാണ് ആളുകള്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ക്ക് സാധുതയുള്ള പാസ്‌പോര്‍ട്ട് ഇല്ലെന്നും കണ്ടെത്തി. 2022 മുതല്‍ അനധികൃതമായി തായ്‌ലാന്‍ഡില്‍ താമസിച്ച് വരികയായിരുന്നു.

2016നും 2019-നും ഇടയിലാണ് ഇപ്പോള്‍ അറസ്റ്റിന് ആസ്പദമായ കുറ്റകൃത്യത്തില്‍ യുവതി ഏര്‍പ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. പ്രമുഖ വിമാനക്കമ്പനികളുമായി ബന്ധമുള്ളയാളാണ് താനെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ചൈനയിലുള്ള ആറ് പേരില്‍നിന്നായി 1.77 കോടി തട്ടിയെടുത്തുവെന്നാണ് കേസ്. തട്ടിപ്പിന് ഇരയായവരില്‍ പ്രതിയുടെ അര്‍ദ്ധസഹോദരിയുമുണ്ട്.

തട്ടിപ്പിന് ശേഷം ഇവര്‍ മുഖം പ്ലാസ്റ്റിക് സര്‍ജറി നടത്തുകയും ബാങ്കോക്കിലേക്ക് മുങ്ങുകയുമായിരുന്നു. ഷിക്കെതിരേ ഇന്റര്‍പ്പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രതിയെ ചൈനയ്ക്ക് കൈമാറും മുമ്പ് ഇവര്‍ക്കെതിരേ വിസാ ലംഘനക്കേസടക്കം ചുമത്താനും അധികൃതരുടെ നീക്കം.