
കൊച്ചി: ജൂലായ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസത്തില്‍ പൊതുമേഖല എണ്ണക്കമ്പനികളുടെ ലാഭം കുത്തനെ ഇടിഞ്ഞു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്നീ മൂന്ന് കമ്പനികളുടെയും ലാഭം നൂറ് ശതമാനത്തിനടുത്ത് കുറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയിലിന്റെ അറ്റാദായം ഇക്കാലയളവില്‍ 99 ശതമാനം ഇടിവോടെ 180 കോടി രൂപയായി. മുന്‍വര്‍ഷം അറ്റാദായം 12,967 കോടി രൂപയായിരുന്നു. വരുമാനം മുന്‍വര്‍ഷത്തെ 2.02 ലക്ഷം കോടിയില്‍ നിന്ന് നാല് ശതമാനം കുറഞ്ഞ് 1.95 ലക്ഷം കോടി രൂപയിലെത്തി.
ഹിന്ദുസ്ഥാന്‍ ഓയിലിന്റെ അറ്റാദായം 97.5 ശതമാനം കുറഞ്ഞ് 143 കോടി രൂപയായി. മുന്‍വര്‍ഷം ലാഭം 5,826.9 കോടി രൂപയായിരുന്നു. വരുമാനം 1.02 ലക്ഷം കോടിയില്‍ നിന്ന് 5.4 ശതമാനം ഉയര്‍ന്ന് 1.08 ലക്ഷം കോടി രൂപയിലെത്തി.
ബി.പി.സി.എല്ലിന്റെ ലാഭം 8,501 കോടിയില്‍ നിന്ന് 72 ശതമാനം കുറഞ്ഞ് 2,397 കോടി രൂപയായി. വരുമാനം ഒരു ശതമാനം ഉയര്‍ന്ന് 1.17 ലക്ഷം കോടി രൂപയിലെത്തി.
ക്രൂഡോയില്‍ വിലക്കുതിപ്പ് വെല്ലുവിളി
പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂലം ആഗോള ക്രൂഡോയില്‍ വില ബാരലിന് 76 ഡോളറിലേക്ക് ഉയര്‍ന്നതാണ് കമ്പനികളുടെ ലാഭത്തെ ബാധിച്ചത്. പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില നിര്‍ണയാവകാശം നഷ്ടമായതിനാല്‍ കമ്പനികള്‍ക്ക് സ്വമേധയ വില്പന വില ഉയര്‍ത്താനാകുന്നില്ല. നിലവില്‍ ഉത്പാദന ചെലവിനേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്.
ഇന്ധന വില കൂട്ടാന്‍ സമ്മര്‍ദ്ദം
1. ഐ.ഒ.സിയുടെ റിഫൈനിംഗ് മാര്‍ജിന്‍ ബാരലിന് 13.12 ഡോളറില്‍ നിന്ന് 4.08 ഡോളറായി. ബി.പി.സി.എല്ലിന്റെ മാര്‍ജിന്‍ 15.42 ഡോളറില്‍ നിന്ന് 6.12 ഡോളറായി.
2. കാലവര്‍ഷം കടുത്തതോടെ ഇന്ത്യയിലെ പെട്രോള്‍, ഡീസല്‍ ഉപഭോഗം ഗണ്യമായി കുറഞ്ഞു. വൈദ്യുതി വാഹന വിപണിയിലെ വളര്‍ച്ചയും വിനയായി
3. പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില ലിറ്ററിന് രണ്ട് രൂപ കുറച്ചതും കമ്പനികളുടെ ലാഭത്തെ ബാധിച്ചു.
എണ്ണക്കമ്പനികളുടെ ലാഭം മൂന്ന് മാസത്തിനിടെ
27,288 കോടി രൂപയില്‍ നിന്ന്
2,720 കോടിയായി താഴ്ന്നു