fire-accident

കാസർകോട്: നീലേശ്വരത്ത് പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില അതീവഗുരുതരമെന്ന് റിപ്പോർട്ട്. 154 പേർക്ക് പരിക്കേറ്റു. 97 പേ‌ർ ചികിത്സയിലുള്ളതിൽ എട്ടുപേരുടെ നില ഗുരുതരമാണ്. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് തെയ്യംകെട്ട് മഹോത്സവത്തിനിടെയാണ് അപകടമുണ്ടായത്.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് അപകടം ഉണ്ടായത്. പടക്കം പൊട്ടിച്ചതിന്റെ തീപ്പൊരി വീണ് പടക്കശാലയ്ക്ക് തീപിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മിംസിൽ ചികിത്സയിലുള്ള സന്ദീപിന്റെ നില അതീവ ഗുരുതരമാണ്. കാഞ്ഞങ്ങാട് ആശുപത്രിയിൽ 16 പേ‌ർ സഞ്ജീവനി ആശുപത്രിയിൽ പത്തുപേർ, ഐശാൽ ആശുപത്രിയിൽ 17 പേർ, പരിയാരം മെഡിക്കൽ കോളേജിൽ അഞ്ചുപേർ, മിംസ് കണ്ണൂരിൽ 18, മിംസ് കോഴിക്കോട് രണ്ട്, അരിമല ആശുപത്രിയിൽ മൂന്നുപേർ, കെഎഎച്ച് ചെറുവത്തൂരിൽ രണ്ടുപേർ മൻസൂർ ആശുപത്രിയിൽ അഞ്ച്, ദീപ ആശുപത്രിയിൽ ഒരാൾ, മംഗളൂർ എജെ മെഡിക്കൽ കോളേജിൽ 18 പേ‌ർ എന്നിങ്ങനെയാണ് ചികിത്സയിലുള്ളത്.

പടക്കങ്ങൾ സൂക്ഷിച്ചത് അനുമതിയില്ലാതെയാണെന്ന് കാസർകോട് ജില്ലാ കളക്‌ടർ ഇമ്പശേഖർ പറഞ്ഞു. മിനിമം അകലം പാലിക്കാതെയാണ് പടക്കം പൊട്ടിച്ചത്. 100 മീറ്റർ അകലം വേണമെന്നാണ് നിയമം. ഇവിടെ രണ്ടോ മൂന്നോ അടി അകലെവച്ചായിരുന്നു പടക്കം പൊട്ടിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അലക്ഷ്യമായി പടക്കം കൈകാര്യം ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്. വെടിക്കെട്ട് നടത്തുന്ന സ്ഥലത്തിന് സമീപത്തായി തന്നെ പടക്കങ്ങൾ സൂക്ഷിച്ചതാണ് അപകടത്തിന് കാരണം. സ്ഥലത്തുനിന്ന് സാമ്പിളുകൾ ശേഖരിച്ചതായും കളക്‌ടർ അറിയിച്ചു. സംഭവത്തിൽ ക്ഷേത്രം ഭാരവാഹികളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. അഞ്ഞൂറ്റമ്പലം വീരർക്കാവ് കമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയെയുമാണ് കസ്റ്റഡിയിലെടുത്തത്.