
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മിയ ജോർജ്. നിരവധി സിനിമകളിൽ പ്രധാന വേഷത്തിലെത്തിയ മിയ ടെലിവിഷൻ പരിപാടികളിലും സജീവമാണ്. അടുത്തിടെ പുറത്തിറങ്ങിയ ഒരു വെബ് സീരീസിലും മിയ അഭിനയിച്ചിരുന്നു. താരം ചില പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മിയക്കെതിരെ കേസെടുത്തെന്ന രീതിയിൽ ചില വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
കറി പൗഡറിന്റെ പരസ്യത്തിൽ തെറ്റായ അവകാശ വാദങ്ങൾ ഉന്നയിച്ചതിന് രണ്ട് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഉടമ കേസ് ഫയൽ ചെയ്തതെന്നായിരുന്നു റിപ്പോർട്ടുകൾ. വാർത്തയിൽ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മിയ ഇപ്പോൾ.
വാർത്തയുടെ തലക്കെട്ട് പങ്കുവച്ചുകൊണ്ട് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു മിയയുടെ പ്രതികരണം. 'ഇതിൽ പറയുന്നത് എനിക്കെതിരെ നിയമനടപടിയുണ്ടായി എന്നാണ്. എന്നാൽ എനിക്ക് ഇതിനെക്കുറിച്ച് അറിയില്ല, ആരും പറഞ്ഞിട്ടുമില്ല. ആദ്യം തന്നെ ഒരു കാര്യം പറയട്ടേ, ഇതിന്റെ ക്യാപ്ഷൻ തന്നെ പരസ്പര വിരുദ്ധമാണ്. ബ്രാൻഡ് പ്രമോട്ട് ചെയ്യുന്ന ബ്രാൻഡ് അംബാസഡർക്കെതിരെ ഉടമ എന്തിനാണ് പരാതി നൽകുന്നത്? രണ്ടാമതായി, സോഷ്യൽ മീഡിയയിൽ കണ്ടതല്ലാതെ ഇതുമായി ബന്ധപ്പെട്ട് ഒരു നോട്ടീസോ അറിയിപ്പോ എനിക്കിതുവരെ ലഭിച്ചിട്ടില്ല. ഇത്തരമൊരു വ്യാജ വാർത്ത ആരാണ് പടച്ചുവിട്ടതെന്നതിനെപ്പറ്റി എനിക്ക് ഒരു ധാരണയുമില്ല.'- എന്നാണ് മിയ കുറിച്ചത്. ഹാഷ്‌ടാഗായി ഫേക്ക് ന്യൂസ് എന്നും നൽകിയിട്ടുണ്ട്.
